ചത്തീസ്ഗഡ്: കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് കാമുകനെ വിവാഹം ചെയ്ത യുവതിയെ സഹോദരന്‍ വെടിവച്ചു കൊന്നു. ഹരിയാനയിലെ റോഹ്ത്ക്കിലാണ് സംഭവം. സപ്‌ന (23)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ സഹോദരന്‍ സഞ്ജു, കൂട്ടാളികളായ രാഹുല്‍, അങ്കിത്, ഗൗരവ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഓട്ടോ ഡ്രൈവറായ സൂരജും സപ്‌നയും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കല്യാണത്തിനു സപ്‌നയുടെ വീട്ടുകാര്‍ സമ്മതിച്ചില്ല. ഇതു വകവയ്ക്കാതെയാണ് അടുത്തിടെ ഇരുവരും വിവാഹിതരായത്. ഇതോടെ ഇരുവരെയും വകവരുത്താന്‍ പദ്ധതിയിട്ട സഹോദരനും കൂട്ടാളികളും സൂരജിന്റെ വീട്ടില്‍ എത്തി. ഈ സമയത്ത് സൂരജ് വീട്ടില്‍ ഉണ്ടായിരുന്നില്ല. സപ്നയെ വെടിവച്ച് കൊലപ്പെടുത്തിയ സംഘത്തെ പിടികൂടാന്‍ സൂരജിന്റെ സഹോദരന്‍ ശ്രമിച്ചുവെങ്കിലും അയാള്‍ക്കും വെടിയേറ്റു. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട പ്രതികളെ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടയിലാണ് പിടികൂടിയത്. പൊലീസിനു നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച സംഘത്തെ വെടിയുതിര്‍ത്താണ് പിടികൂടിയത്.







