കോഴിക്കോട്: പന്തീരങ്കാവില്‍ പട്ടാപ്പകല്‍ ജ്വല്ലറിയില്‍മോഷണശ്രമത്തിന് ശ്രമിച്ച യുവതി പിടിയില്‍. പൂവാട്ടുപറമ്പ് സ്വദേശിനി സൗദാബിയാണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ പന്തീരങ്കാവിലെ സൗപര്‍ണിക ജ്വല്ലറിയിലാണ് നാടകീയമായ സംഭവങ്ങളുണ്ടായത്. രാവിലെ പത്ത് മണിയോടെയാണ് യുവതി ജ്വല്ലറിയിലെത്തിയത്. ഇവര്‍ ആവശ്യപ്പെട്ടപ്രകാരം സെയില്‍സ്മാന്‍ ആഭരണം കാണിച്ചുകൊടുത്തു. ഇതിനിടെ ഇവര്‍ സെയില്‍മാന് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു മോഷണ ശ്രമം നടത്തി. സെല്‍മാന്‍ നിലവിളിക്കുന്നത് കേട്ട പരിസരവാസികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ തടഞ്ഞുവച്ചു. തര്‍ക്കത്തിനിടെ ഇവര്‍ തീ കൊളുത്തി ആത്മഹത്യചെയ്യാന്‍ ശ്രമിച്ചതോടെ നാട്ടകാര്‍ പൊലീസിനെ വിളിച്ചുവരുത്തി. പന്തീരങ്കാവ് പൊലീസ് എത്തി യുവതിയെ കസ്റ്റഡിയില്‍ എടുത്തു. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് മോഷണ കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മോഷണത്തിനായി മുന്‍പ് മൂന്നുതവണ യുവതി ജ്വല്ലറിയില്‍ എത്തിയെന്നാണ് വിവരം. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.







