കാസര്‍കോട്: മംഗ്‌ളൂരു സുരത്ക്കല്ലിലെ ബി ജെ പി പ്രവര്‍ത്തകന്‍ സുഖാനന്ദ ഷെട്ടി (32)യെ വെട്ടികൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിക്ക് ഒളിത്താവളം ഒരുക്കുകയും രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്ത ആള്‍ അറസ്റ്റില്‍. മംഗ്‌ളൂരു, ബജ്‌പെ, കിന്നിപ്പദവിലെ അഡ്ഡൂര്‍ അബ്ദുല്‍ സലാമിനെയാണ് ബജ്‌പെ പൊലീസ് അറസ്റ്റു ചെയ്തത്.
2006ല്‍ ആണ് സുഖാനന്ദ ഷെട്ടി കൊല്ലപ്പെട്ടത്.
കേസിലെ മുഖ്യപ്രതി കബീര്‍ എന്നയാളെ രക്ഷപ്പെടുത്തിയെന്നതിനാണ് അബ്ദുല്‍ സലാം, സഹോദരന്‍ ലത്തീഫ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നത്. മുഖ്യപ്രതി കബീറിനു അബ്ദുല്‍സലാം സ്വന്തം വീട്ടില്‍ രണ്ടു ദിവസത്തേയ്ക്ക് ഒളിത്താവളം ഒരുക്കിക്കൊടുക്കുകയും പിന്നീട് വാഹനത്തില്‍ കയറ്റി കാസര്‍കോട്ടേയ്ക്ക് എത്തിച്ച് രക്ഷപ്പെടുത്തിയെന്നുമാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. പ്രതിയായതോടെ നാട്ടില്‍ നിന്നു രക്ഷപ്പെട്ട അബ്ദുല്‍ സലാം പിന്നീട് ഗള്‍ഫിലേയ്ക്ക് കടന്നു. കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് വീട്ടിലെത്തി പ്രതിയെ അറസ്റ്റു ചെയ്തത്. അബ്ദുല്‍ സലാമിന്റെ അറസ്റ്റോടെ സുഖാനന്ദഷെട്ടി കൊലക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 16 ആയി. ഇനി 11 പേരെ കൂടി കിട്ടാനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.






