ഇടുക്കി: ചെറുതോണിയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥി ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇനയ തെഹ്സിന്‍ എന്ന കുട്ടിക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെ സ്‌കൂള്‍ കൊമ്പൗണ്ടില്‍ വച്ചാണ് അപകടം ഉണ്ടായത്. സ്‌കൂള്‍ ബസിലാണ് ഹെയ്‌സല്‍ എത്തിയത്. ബസില്‍ നിന്നും ഇറങ്ങിയതിന് ശേഷം ബസിന്റെ പിന്നിലൂടെ ക്ലാസിലേക്ക് പോവുകയായിരുന്നു ഹെയ്‌സും സുഹൃത്തും. തൊട്ടുപിന്നില്‍ മറ്റൊരു ബസ് ഉണ്ടായിരുന്നു. കുട്ടികള്‍ കടന്നുപോകുന്നത് ഡ്രൈവര്‍ കണ്ടിരുന്നില്ല. ബസ് മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് കുട്ടികളെ ഇടിച്ചു. ശേഷം ഒരുകുട്ടിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ കാലിനാണ് പരിക്കേറ്റത്. അപ്പോള്‍ തന്നെ കുട്ടികളെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഹെയ്‌സലിന് മരണം സംഭവിച്ചിരുന്നു. കാല്‍പാദത്തിന് പരിക്കേറ്റ ഇനയ ആശുപത്രിയില്‍ ചികിത്സയിലാണ്.







