മംഗളൂരു: എട്ടുവര്‍ഷം മുമ്പ് കാണാതായ ആളെ ആശ്രമത്തില്‍ കണ്ടെത്തിയതായി പൊലീസ്. കങ്കനാടിയിലെ പീറ്റര്‍ മെന്‍ഡോണ്‍സ(70)യെ ആണ് മംഗളൂരുവിലെ വലന്‍സിയ പള്ളിക്ക് സമീപമുള്ള ഒരു ആശ്രമത്തില്‍ കണ്ടെത്തിയത്. 2018 ആഗസ്ത് 25 നാണ് ഇയാളെ കാണാതായത്. കങ്കനാടി ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ദക്ഷിണ കന്നഡ ജില്ലയിലും അയല്‍ ജില്ലകളിലും മറ്റ് സംസ്ഥാനങ്ങളിലും വിവിധ ആശ്രമങ്ങളിലും ഷെല്‍ട്ടര്‍ ഹോമുകളിലും ഉള്‍പ്പെടെ വ്യാപകമായ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനിടെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സുധീര്‍ കുമാര്‍ റെഡ്ഡി ഒരു പദ്ധതി ആരംഭിച്ചത്. കാണാതായവരെ കണ്ടെത്താനുള്ള ദൗത്യത്തിനാണ് തുടക്കം കുറിച്ചത്. കെട്ടിക്കിടക്കുന്ന മിസിങ് കേസുകളില്‍ ഒരാളെ കണ്ടെത്തിയതോടെ പരിപാടിക്ക് മികച്ച പ്രതികരണമാണ് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കങ്കനാടി ടൗണ്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി ഡി നാഗരാജ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ അനിത, ശിവകുമാര്‍, കോണ്‍സ്റ്റബിള്‍ ശിവാനന്ദ എന്നിവരുടെ നേതൃത്വത്തിലാണ് വിജയകരമായ കണ്ടെത്തല്‍ നടത്തിയത്.







