രാമേശ്വരം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വിരോധത്തില്‍ സ്‌കൂളിലേയ്ക്കു നടന്നു പോവുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു. രാമേശ്വരത്ത് ബുധനാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ശാലിനി (18)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൃത്യത്തിനു ശേഷം സ്ഥലത്തു നിന്നു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി മുനിരാജന്‍ എന്നയാളെ നാട്ടുകാര്‍ വളഞ്ഞിട്ടു പിടികൂടി പൊലീസിനു കൈമാറി. ശാലിനിയുടെ പിന്നാലെ ചെന്ന് മുനിരാജന്‍ നിരവധി തവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ശാലിനി യുവാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയില്ല. വീണ്ടും ശല്യം ചെയ്തപ്പോള്‍ ശാലിനി വിവരം വീട്ടുകാരെ അറിയിച്ചു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവു മുനിരാജന്റെ വീട്ടിലെത്തി താക്കീത് നല്‍കിയിരുന്നു. ബുധനാഴ്ച രാവിലെ ശാലിനി സ്‌കൂളിലേയ്ക്ക് നടന്നു പോകുന്നതിനിടയില്‍ വഴിയില്‍ കാത്തിരുന്ന മുനിരാജന്‍ പെണ്‍കുട്ടിയോട് വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ താല്‍പ്പര്യം ഇല്ലെന്ന് അറിയിച്ചതോടെ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ശാലിനിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു, പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ആള്‍ക്കാര്‍ ഓടിക്കൂടുന്നതിനിടയില്‍ മുനിരാജന്‍ ഒരു ലോറിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി.
കഴുത്തിനു സാരമായി പരിക്കേറ്റ ശാലിനിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.







