ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തി. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ മുന്നോട്ട് എടുത്തതിനു പിന്നാലെയാണ് ട്രാക്കില്‍ നിന്ന് ശരീരഭാഗം കണ്ടെത്തിയത്. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹാവശിഷ്ടമാണ് കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് കാലിന്റെ ഭാഗം കണ്ടെത്തിയത്. എറണാകുളം – ആലപ്പുഴ മെമു ട്രെയിന്‍ ട്രാക്കില്‍ നിന്നു മാറ്റിയപ്പോഴാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ട്രെയിന്‍ തട്ടി കൊല്ലപ്പെട്ടതോ, ആത്മഹത്യ ചെയ്തതോ ആയ ആരുടെയെങ്കിലും ശരീരഭാഗം ആകാമെന്നാണ് പൊലീസിന്റെ നിഗമനം. ട്രെയിനില്‍ കുടുങ്ങിയിരുന്ന ശരീരഭാഗം ട്രാക്കില്‍ വീണതാകാമെന്ന് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശരീരഭാഗത്തിന്റെ ലിംഗ നിര്‍ണയം അടക്കമുള്ള പരിശോധനകള്‍ നടത്തുമെന്നും റൂട്ടില്‍ അപകടം നടന്നിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ സാധ്യതയുള്ള അപകടങ്ങളോ മരണങ്ങളോ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയില്‍ നിന്ന് കൊല്ലത്തേക്കും, അതിനുശേഷം കോട്ടയത്തേക്കും ഷൊര്‍ണൂരിലേക്കും പിന്നീട് എറണാകുളത്തേക്കും അവിടെ നിന്ന് ആലപ്പുഴയിലേക്കും സര്‍വീസ് നടത്തുന്ന മെമു ട്രെയിന്‍ ആണിത്.







