പ്രയാഗ് രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ പതിനേഴുകാരിയായ കാമുകിയെ കൊലപ്പെടുത്തിയ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. ദീപക് യുവാവാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. മറ്റൊരു യുവതിയുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും തന്നെ വിവാഹം കഴിക്കണമെന്ന 17 കാരിയുടെ നിര്‍ബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. ഒരു സൈനീകനെ വിവാഹം കഴിക്കണമെന്നാഗ്രഹിച്ച പെണ്‍കുട്ടിയെ യുവാവ് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സമീപത്ത് തന്നെ ഒരു കുഴിയെടുത്ത് മൃതദേഹം മണ്ണിട്ട് മൂടി. കുഴിച്ചിടുന്നതിന് മുമ്പ് കത്തി ഉപയോഗിച്ച് തല അറുത്തതായി ഡിസിപി (ഗംഗാ നഗര്‍) കുല്‍ദീപ് ഗുണവത് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതി പെണ്‍കുട്ടിയെ മോട്ടോര്‍ സൈക്കിളില്‍ തോട്ടത്തിലേക്ക് കൊണ്ടുപോകുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുഴിച്ചിട്ട തോട്ടത്തിന് സമീപത്തുനിന്ന് ഒരു ബാഗ് കണ്ടെത്തി. ബാഗിനുള്ളിലുണ്ടായ പുസ്തകത്തില്‍ സൈനികന്റെ പേരും ഫോണ്‍ നമ്പറും ഉണ്ടായിരുന്നു. ഇത് പ്രതിയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തെ സഹായിച്ചു. തിങ്കളാഴ്ച പൊലീസ് ദീപക്കിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കുഴിച്ചിട്ട മൃതദേഹം കണ്ടെത്തി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പെണ്‍കുട്ടിയെ സൈനീകന്‍ പരിചയപ്പെട്ടത്. ശേഷം സൗഹൃദം സ്ഥാപിച്ചുവെന്നും ചോദ്യം ചെയ്യലില്‍ ദീപക് സമ്മതിച്ചു. ആര്‍മിയില്‍ സേവനമനുഷ്ഠിക്കുന്ന ഒരാളെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടി ആഗ്രഹിച്ചിരുന്നുവെന്നും അങ്ങനെയാണ് സൗഹൃദം ആരംഭിച്ചതെന്നും അയാള്‍ പറഞ്ഞു. അതിനിടെയാണ് വീട്ടുകാര്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചത്. ഈമാസം 30 ന് ആണ് വിവാഹം തീരുമാനിച്ചത്.







