പത്തനംതിട്ട: മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നതോടെ വന്‍ ഭക്തജനത്തിരക്ക്. ചൊവ്വാഴ്ച ഉച്ചവരെ രണ്ടുലക്ഷത്തോളം ഭക്തര്‍ സന്നിധാനത്തെത്തി. തിരക്ക് പരിഗണിച്ച് ശബരിമലയില്‍ ദര്‍ശന സമയം നീട്ടിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു. സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീര്‍ത്ഥാടകര്‍ മറികടന്നിരിക്കുന്ന സ്ഥിതിഗതിയിലേക്ക് എത്തിയിരിക്കുകയാണ്. 12 മണിക്കൂറോളം ക്യൂ നില്‍ക്കേണ്ട സ്ഥിതിയായതോടെ സന്നിധാനത്ത് ദര്‍ശനം ലഭിക്കാതെ തീര്‍ത്ഥാടകര്‍ മടങ്ങിപ്പോകുന്നുണ്ട്. ഈ തീര്‍ത്ഥാടകര്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ എത്തി നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു. ബെംഗളൂരു, സേലം എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയില്‍ ക്യൂ നിന്നിട്ട് മടങ്ങിയത്.
തിരക്ക് നിയന്ത്രണാതീതമായിട്ടും കേന്ദ്രസേനകളെ നിയോഗിച്ചില്ല. സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിട്ടും നടപടിയായില്ലെന്നാണ് വിവരം. കനത്ത തിരക്കിനിടെ കുടിവെള്ളം പോലും ലഭിക്കാതെ നിരവധി ഭക്തര്‍ കുഴഞ്ഞുവീണതായി റിപ്പോര്‍ട്ടുണ്ട്. മലകയറുന്നതിനിടെ അപ്പാച്ചിമേട്ടില്‍ വെച്ച് കൊലിലാണ്ടി സ്വദേശിനി സതി കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം ദര്‍ശനത്തിനെത്തിയതായിരുന്നുസതി.







