കാർമേഘങ്ങൾക്കിടയിലെ മഴവില്ല്

ജേക്കബ് ജോൺ കുമരകം, ഡാളസ്

മനസിന്റെ ഉള്ളറകളിൽ കറുത്തു ഘനീഭവിച്ചു നിൽക്കുന്ന കാർമേഘങ്ങൾ , ഒന്ന് പെയ്ത് ഒഴിഞ്ഞു പോയിരുന്നെങ്കിൽ എന്ന് ആശിച്ചു. നിരാശയുടെ കയങ്ങളിലേക്കു കൂപ്പു കുത്തുന്ന ഇരുണ്ട നിമിഷങ്ങൾ. ആരോടും പറയാനില്ലാതെ , പറഞ്ഞാൽആർക്കും മനസിലാകാത്ത പ്രശ്നങ്ങൾ . ഉത്തരമില്ലാത്ത എത്രയെത്ര ചോദ്യങ്ങൾ, എത്രയെത്ര അനുഭവങ്ങൾ . ദൈവവിശ്വാസം പോലും പരീക്ഷിക്കപ്പെടുന്ന സന്ദർഭങ്ങൾ . ഇവിടെയാണ് ഒരു മനുഷ്യന്റെ അന്തരാത്മാവിൽ , മണ്ണിൽ മുളക്കാതെ സുഷിപ്തിയിൽ കഴിയുന്ന വിത്ത് പോലെ കിടക്കുന്ന ദൈവാംശം. അത് തലമുറകളിലൂടെ പകർന്നുകിട്ടിയതാവാം , പണ്ടെങ്ങോ വായിച്ചു മറന്ന ദൈവ വചനനുറുങ്ങുകൾ ആകാം. സ്വന്തം അനുഭവങ്ങളിലൂടെ കിട്ടിയ തിരിച്ചറിവുകൾ ആവാം , ഉണർന്നു സംവദിക്കുന്നത് . നീ തനിച്ചല്ല , നിന്നെ സ്നേഹിക്കുന്ന ഒരു ദൈവം ഒരിക്കലും തകർച്ചയിലേക്ക് തള്ളി കളയുകയില്ല . അങ്ങനെ അങ്ങനെ നൂറു നൂറു വാഗ്ദത്തങ്ങൾ .ഓരോന്നായി തെളിഞ്ഞു, സൂര്യ പ്രഭയായി ഉള്ളിലെ കാര്മേഘ പാളികളിൽ തട്ടി അവിടെ ഒരു മഴവില്ല് രൂപപ്പെടുകയാണ് .

അക്ബർ ചക്രവർത്തിയുടെ മന്ത്രി ബീർബൽ പറഞ്ഞതു പോലെ ഈ കാലവും കടന്നു പോകും , ശ്രീ ബുദ്ധൻ ആനന്ദനോട് പറഞ്ഞതുപോലെ എത്ര കലങ്ങിയതായാലും ക്ഷമയോടെ കാത്തു നിന്നാൽ തെളിയാത്ത ഒരു അരുവിയും ഇല്ല .എന്തിന് , സാ ജൻ അച്ച ൻ പാടുന്നതുപോലെ “ഒരു മഴയും തോരാതിരുന്നിട്ടില്ല…….” എന്ന മനോഹരമായ പാട്ടും ഒക്കെ നമ്മോടു പറയുന്നത് ” ക്ഷമയോടെ കാത്തിരുന്ന് കരുണാമയന്റെ കുറുകാത്ത കരങ്ങൾക്ക് ഇടപെടാൻ സമയം കൊടുക്കുക എന്നല്ലേ ? തകർന്ന മനസ്സുകൾക്ക് സാന്ത്വനം പകരുന്ന ജീവനുള്ള വചനo. ഇരുവായ്ത്തലയുള്ള , സന്ധി മജ്ജകളെ തുളച്ചു ചെന്ന് ആത്മാവിനെ തൊടുന്ന വചനം . എനിക്കുവേണ്ടി, എനിക്കുവേണ്ടി മാത്രം എഴുതി വച്ചിരിക്കുന്നു എന്ന്തോന്നിക്കുന്ന എത്രയെത്ര ദൈവ വചനങ്ങൾ .

നിന്നെ സ്നേഹിക്കുന്ന ദൈവം ആരെയും ഒരിക്കലുംപരീക്ഷിക്കുന്ന തല്ല , മറിച്ചു ദൈവ പ്രവൃത്തി നിന്നിലൂടെ നിവർത്തിയാകാനും നിന്നെ കൂടുതൽ തെളിവ് ഉള്ളവനായികാണുവാനായും നിന്റെ ഉടയവൻ ഒരുക്കുന്ന ചില മുഖാന്തരങ്ങൾ മാത്രമാണ് എന്ന തിരിച്ചറിവ് കിട്ടുന്നത് നമ്മെ പൂർണമായി , നമ്മുടെ പ്രശ്നങ്ങളെ അവിടത്തെ ബലമേറിയ കരങ്ങളിലേക്ക് കൈമാറുമ്പോൾ മാത്രമാണ് . നമ്മുടെ ബുദ്ധിയും ശക്തിയും സാമർത്യവും എല്ലാം പത്തി മടക്കി തോറ്റ് തുന്നം പാടുമ്പോൾ ആണ് ദൈവീക ഇടപെടൽ ഉണ്ടാവുന്നത് .പൂർണമായ സമർപ്പണം ദൈവീക ഇടപെടലിന്റെ ഒന്നാമത്തെ പടിയാണ് എന്ന് അറിയണം.

പലപ്പോഴും പ്രാർഥിക്കുമ്പോൾ ” ഇപ്പോൾ തന്നെ ” ഉത്തരംവേണം എന്ന് നമ്മൾ എല്ലാവരും ശഠിക്കാറുണ്ട് . ഉണർത്തിക്കും വരമെല്ലാം ക്ഷണം തന്നീടണമെ എന്ന് പാടുന്നത് പോലെ ആ മൂന്നാം നാളിനു അപ്പുറത്തേക്ക് ഒരു നിമിഷം പോയാൽ വിശ്വാസം നീരാവി പോലെയായി ഒരു കാറ്റു കുത്തിവിട്ട ബലൂൺകണക്കെ തകർന്ന് ഒരു പ്രതീക്ഷയുമില്ലാതെ ഇരിക്കുന്ന സമയം, ചിത്രശലഭത്തിന് പിന്നാലെ ഓടി ഓടി തളർന്നു , തനിക്കു പിടിതരാത്ത , ഉയരങ്ങളിലേക്ക് പറന്നു പോയ ആ ജീവനുള്ള പൂവിനെ മനസു കൊണ്ടെങ്കിലും ശപിച്ചു ഉറങ്ങി പോയ ആ കൊച്ചു ബാലനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവന്റെ അരികിൽ വന്നു അവന്റെ കൊച്ചു കവിളിൽ ഉമ്മ കൊടുക്കുന്ന, വിയർപ്പിൽ കുതിർന്ന കുറുനിരകളെ തഴുകി ” കുട്ടാ , നിന്റെ കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് കേട്ടോ” എന്ന് ഉള്ളിൽ ഊറുന്ന ചിരിയോടെ അവന്റെ ചാരെയിരിക്കുന്ന ആ വർണശലഭത്തിന്റെ കഥ പോലെ ദൈവം അവന്റെ സമയത്തു , നാം ആഗ്രഹിക്കുന്ന സമയത്തല്ല , നമ്മളുടെ അടുത്തെത്തി നീറുന്ന മനസിനെ തലോടി , അമ്മയെ പോലെ ശിരസിൽ ഉമ്മ വച്ച് നമ്മുടെ ആവശ്യങ്ങളിൽ നാം ആഗ്രഹിക്കുന്നതിലും നിനക്കുന്നതിലും അത്യന്തം പരമായി അനുഗ്രഹിക്കുന്ന നമ്മുടെ കർത്താവ് എത്ര നല്ലവനാണ് . രാത്രി മുഴുവൻ വലവീശി ഒന്നും കിട്ടാതെ നിരാശപ്പെട്ട ശിഷ്യരെ അവർ ആഗ്രഹിച്ച സമയത്തല്ല , ആശയെല്ലാം അസ്തമിച്ച നേരത്തു ജീവിതത്തിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത , അനുഭവിച്ചിട്ടില്ലാത്ത നന്മനൽകി അവരുടെ നിരാശയെ സന്തോഷത്തിന്റെ സമൃദ്ധിയിലേക്ക് കൊണ്ടുവന്നത് . ഈ ദൈവം ഇന്നും എന്നും നമ്മുടെ ദൈവം എന്ന് ഓർക്കുമ്പോൾ ഒന്നിനെയും ഓർത്തു ഭാരപ്പെടുവാൻ നമുക്ക് ഇട വരില്ല . വിശ്വാസത്തിന്റെ നായക , എന്റെ വിശ്വാസത്തെ പൂർണ്ണമാക്കാൻ അവിടത്തെ കൃപ എന്നിൽ ചൊരിഞ്ഞു അനുഗ്രഹിക്കണമേ !

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുറ്റിക്കോലില്‍ മുസ്ലീംലീഗിന് സീറ്റില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റി തീരുമാനം

You cannot copy content of this page