തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി. തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ തമ്പി ആണ് മരിച്ചത്. വീടിനകത്ത് തൂങ്ങിയനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം കോർപറേഷനിലെ തൃക്കണ്ണാപുരം വാർഡിൽ പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആനന്ദ് അറിയിച്ചിരുന്നു.
ടിക്കറ്റിനായി തമ്പി സമീപിച്ചിട്ടില്ലെന്നും മരണത്തിന് ടിക്കറ്റ് നിഷേധിച്ചതുമായി ബന്ധമില്ലെന്നും പ്രാദേശിക ബിജെപി നേതാക്കൾ അവകാശപ്പെട്ടു. സ്ഥാനാർത്ഥി പട്ടികയിൽ പേര് കാണാതെ വന്നപ്പോൾ സ്വതന്ത്രനായി മത്സരിക്കുമെന്ന് തമ്പി സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇയാള്‍ കഴിഞ്ഞ ദിവസം ശിവസേനയില്‍ അംഗത്വം എടുക്കുന്നതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇതിന്‍റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം തമ്പിയുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം ശിവസേനയിൽ അംഗത്വമെടുക്കാൻ തമ്പി തീരുമാനിക്കുകയും ശനിയാഴ്ച രാവിലെ പ്രചാരണത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
ആർഎസ്എസ്, ബിജെപി നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അദ്ദേഹം സുഹൃത്തുക്കൾക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. മണൽക്കടത്ത് മാഫിയയുമായി ബന്ധമുള്ള ചില പ്രാദേശിക നേതാക്കളുടെ താൽപര്യങ്ങൾ കാരണമാണ് തനിക്ക് ടിക്കറ്റ് നിഷേധിച്ചതെന്നും സന്ദേശത്തിൽ അദ്ദേഹം ആരോപിച്ചു.
എന്നാൽ, ആനന്ദിന് സ്ഥാനാർത്ഥിത്വം നിഷേധിച്ചിട്ടില്ലെന്നും തൃക്കണ്ണാപുരം വാർഡിലെ സ്ഥാനാർഥികളുടെ പാനൽ ചർച്ചയ്ക്ക് വന്നപ്പോൾ ആനന്ദിന്‍റെ പേര് ഉണ്ടായിരുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പ്രതികരിച്ചു. ജീവനൊടുക്കിയതിന് പിന്നിലെ കാരണം കണ്ടെത്താൻ ജില്ലാ അധ്യക്ഷന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നെ സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്നും, ആർഎസ്എസ്, ബിജെപി നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നുമൊക്കെയാണ് ആരോപണങ്ങൾ. “എന്‍റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാൻ ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. അതുതന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്,” എന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ഇതിനൊപ്പം വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും കുടുംബജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും കുറിപ്പിലുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം അദ്ദേഹം ഞായറാഴ്ച പോസ്റ്റ്മോർട്ടം നടത്തും.







