ജയ്പൂര്‍: അന്ധവിശ്വാസം പിഞ്ചു കുഞ്ഞിന്റെ ജീവനെടുത്തു. 22 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ചവിട്ടിക്കൊന്ന നാലു യുവതികള്‍ അറസ്റ്റില്‍. മഞ്ജു, ഗീത, മംമ്ത, രാമേശ്വരി എന്നിവരാണ് അറസ്റ്റിലായത്.
കുഞ്ഞിനെ ചവിട്ടിക്കൊലപ്പെടുത്തിയാല്‍ ഉടന്‍ വിവാഹം നടക്കുമെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. ഒക്ടോബര്‍ 24ന് ആണ് പ്രതികളുടെ സഹോദരന്റെ ഭാര്യയായ യുവതിക്ക് കുഞ്ഞ് പിറന്നത്.
കുട്ടിയുടെ മാതാവിനെ വീട്ടിനകത്ത് പൂട്ടിയിട്ട ശേഷമാണ് നാലു യുവതികളും ചേര്‍ന്ന് ക്രൂരകൃത്യം ചെയ്തത്. ഒരു സ്ത്രീ തന്റെ മടിയില്‍ കിടത്തി എന്തോ ജപിക്കുന്നതായും മറ്റു മൂന്നുപേര്‍ ചുറ്റുമിരുന്ന് ജപത്തില്‍ പങ്കുചേരുന്നതുമായ വിഡിയോകളും പുറത്തു വന്നിട്ടുണ്ട്.
നാടോടി ദേവതയായ ‘ഭേരു’വിനെ ആരാധിച്ചിരുന്നവരാണ് പ്രതികളെന്നു പൊലീസ് പറഞ്ഞു. കുറച്ചു നാളായി അവര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും വിവാഹാലോചനകളെല്ലാം മുടങ്ങിപോവുകയായിരുന്നുവെന്നും പറയുന്നു. ഇതേ തുടര്‍ന്നാണ് ദുരാചാരം നടത്താന്‍ യുവതികള്‍ തയ്യാറായതെന്നു കുട്ടിയുടെ മാതാവിനെ ഉദ്ധരിച്ച് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ സഹോദരിമാരാണ് അറസ്റ്റിലായ പ്രതികള്‍.







