കാസര്‍കോട്: ഓണ്‍ലൈന്‍ ഗെയിമില്‍ മൂന്നു ലക്ഷത്തില്‍പരം രൂപ നഷ്ടമായതിനു പിന്നാലെ മംഗ്‌ളൂരുവിലെ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി. പാലക്കാട്, തൃത്താല സ്വദേശിയായ മാലികിനെയാണ് കാണാതായത്. സംഭവത്തില്‍ ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാത്രി മുതല്‍ക്കാണ് മാലികിനെ കാണാതായത്. ഭക്ഷണം വാങ്ങാന്‍ പോകുന്നുവെന്നു പറഞ്ഞ് ബൈക്കുമായി താമസസ്ഥലത്തു നിന്നു പോയ മാലിക് അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു പറയുന്നു. സ്ഥിരമായി ഓണ്‍ലൈന്‍ ഗെയിം കളിക്കുന്ന ആളാണ് മാലിക്. തുടക്കത്തില്‍ നല്ലൊരു തുക ലാഭമായി കിട്ടിയിരുന്നു. എന്നാല്‍ വന്‍തുക വച്ച് കളിച്ചതോടെ വലിയ നഷ്ടം ഉണ്ടായി. സ്വന്തം പണം തീര്‍ന്നതോടെ കൂട്ടുകാരില്‍ നിന്നും മറ്റും കടം വാങ്ങി കളി തുടര്‍ന്നു. എന്നാല്‍ തുടര്‍ച്ചയായി നഷ്ടം ഉണ്ടായതോടെ മാലിക് സാമ്പത്തിക കുരുക്കിലാവുകയായിരുന്നുവത്രെ. ഇതിനു പിന്നാലെയാണ് മാലികിനെ കാണാതായത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ മംഗ്‌ളൂരുവില്‍ എത്തിയിട്ടുണ്ട്.







