കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാല്‍, വെളുത്തോളി, ഇ എം എസ് നഗറില്‍ നിന്നു കാണാതായ ഹരണ്യ (21) നാടകീയമായി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. മൊഴി രേഖപ്പെടുത്തിയ ശേഷം ഹരണ്യയെ ബേക്കല്‍ പൊലീസ് ഹൊസ്ദുര്‍ഗ്ഗ് കോടതിയില്‍ ഹാജരാക്കി. കോടതി സ്വന്തം ഇഷ്ടത്തിനു വിട്ടതിനെ തുടര്‍ന്ന് ഹരണ്യ ആണ്‍സുഹൃത്തായ കൊല്ലം, അഞ്ചല്‍ സ്വദേശി ഷിഹാസി (24)നു ഒപ്പം പോയി.
ബുധനാഴ്ച രാത്രി 11 മണിക്കും പുലര്‍ച്ചെ ഒരു മണിക്കും ഇടയിലാണ് ഹരണ്യയെ വീട്ടില്‍ നിന്നും കാണാതായതെന്ന് പിതാവ് ബേക്കല്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയില്‍ ഹരണ്യ എറണാകുളം, തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ഹാജരായി വീട്ടുകാര്‍ക്കെതിരെ പരാതി നല്‍കി. തന്നെ വീട്ടു തടങ്കലിലാക്കി ഭീഷണിപ്പെടുത്തിയെന്നു കാണിച്ചാണ് പരാതി നല്‍കിയത്. തൃക്കാക്കര പൊലീസ് പ്രസ്തുത പരാതി ബേക്കല്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് ഫോര്‍വേഡ് ചെയ്തു.
ഇതു സംബന്ധിച്ച് അന്വേഷിക്കുന്നതിനിടയിലാണ് ഹരണ്യയും ആണ്‍ സുഹൃത്ത് ഷിഹാസും വെള്ളിയാഴ്ച ബേക്കല്‍ സ്‌റ്റേഷനില്‍ എത്തിയത്. ഹരണ്യയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം ബേക്കല്‍ പൊലീസ് ഹരണ്യയെ ഹൊസ്ദുര്‍ഗ്ഗ് കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയായതിനാല്‍ യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിനു വിട്ടതോടെ ഹരണ്യ ഷിഹാസിനൊപ്പം പോവുകയും ചെയ്തു.







