കാസര്‍കോട്: ജില്ലയിലെ മലയോര അതിര്‍ത്തി ഗ്രാമമായ പാണത്തൂര്‍ ഭാഗത്ത് നിന്നും ഒടയഞ്ചാല്‍-പരപ്പ – പയ്യന്നൂര്‍ വഴി പറശ്ശിനി കടവിലേക്ക് കെ.എസ് ആര്‍ ടി സി ബസ് അനുവദിക്കണമെന്ന ആവശ്യത്തോട് ഇനിയും മുഖം കൊടുക്കാതെ അധികൃതര്‍. ഇതിനെതിരെ പ്രതിഷേധം ശക്തം.
പ്രതിദിനം നൂറു കണക്കിനു പേരാണ് പരിയാരം മെഡിക്കല്‍ കോളേജിലേക്കും പയ്യന്നൂര്‍ ടൗണിലേക്കും പറശ്ശിനികടവ് ക്ഷേത്രത്തിലേക്കുമായി മലയോരത്തു നിന്നും പോകുന്നത്. മികച്ച നിലവാരമുള്ള റോഡുകള്‍ ഉണ്ടായിട്ടും ഒടയഞ്ചാല്‍ -പരപ്പ – മുക്കട പാലം വഴി പയ്യന്നൂരിലേക്ക് കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് അനുവദിക്കാതിരിക്കുവാന്‍ മുട്ടു ന്യായങ്ങളാണ് അധികൃതര്‍ പറയുന്നതെന്നു യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രസ്തുത റൂട്ടില്‍ പകുതി ഭാഗം ദേശസാല്‍കൃതമായതിനാല്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍ മാര്‍ക്ക് ഈ മേഖലയില്‍ സര്‍വീസ് നടത്താനും കഴിയുന്നില്ല. നിലവില്‍ മലയോര മേഖലയിലെ യാത്രക്കാര്‍ മൂന്നു ബസുകള്‍ മാറി കയറിയാണ് പയ്യന്നൂരില്‍ എത്തുന്നത്. ചീമേനി എന്‍ജിനീയറിംഗ് കോളേജ്, ഐ എച്ച് ആര്‍ ഡി, ചീമേനി പ്ലാന്റേഷന്‍, തുറന്ന ജയില്‍, മാത്തില്‍ കോളേജ്, ചീമേനി മുണ്ട്യ, പയ്യന്നൂര്‍ പാസ് പോര്‍ട്ട് ഓഫീസ്, പയ്യന്നൂര്‍ കോളേജ് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പോകുന്നവര്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്നും യാത്രക്കാര്‍ ചൂണ്ടികാട്ടുന്നു. ഒടയഞ്ചാലില്‍ നിന്നും അടുത്ത കാലത്തായി പല സ്ഥലങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിച്ചിട്ടും ഈ റൂട്ടിനെ മാത്രം അവഗണിക്കുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.







