ബംഗളൂരു: കര്‍ണാടകയില്‍ യാദ്ഗിരിയില്‍ പട്ടാപ്പകല്‍ കൊലപാതകം. സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തി. സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ അഞ്ജലി കമ്പാനൂരാണ് കൊല്ലപ്പെട്ടത്.
നാലംഗ സംഘം അഞ്ജലി സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തിയാണ് ആക്രമിച്ചത്.
ഷഹബാദ് മുനിസിപ്പല്‍ കൗണ്‍സില്‍ മുന്‍ ചെയര്‍പേഴ്‌സണാണ് അഞ്ജലി കമ്പാനൂര്‍. അഞ്ജലിയുടെ ഭര്‍ത്താവ് ഗിരീഷ് കമ്പാനൂര്‍ 3 വര്‍ഷം മുന്‍പ് കൊല്ലപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്നു ഗിരീഷ്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ അതേ സംഘം ആണ് ഈ കൊലയും നടത്തിയത്. കൊലപാതകത്തിന് കാരണം മുന്‍ വൈരാഗ്യമെന്നാണ് പൊലീസ് പറഞ്ഞു.
ഗുരുതരമായി ആക്രമിക്കപ്പെട്ട അഞ്ജലിയെ ഡ്രൈവര്‍ ഉടനെ ആദ്യം കലബര്‍ഗിയിലെ ആശുപത്രിയിലേക്കും പിന്നീട് ഹൈദരാബാദിലെ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. 3 വര്‍ഷം മുന്‍പ് റെയില്‍വേ സ്റ്റേഷന് സമീപം നെഞ്ചില്‍ കത്തി കുത്തിയിറക്കിയ നിലയിലാണ് ഭര്‍ത്താവ് ഗിരീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഗിരീഷിന്റെ സഹോദരനെയും ഇതേ അക്രമി സംഘം കൊലപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സംഭവമാണ് അഞ്ജലിയുടെ കൊലയ്ക്ക് പിന്നിലെന്നും പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തില്‍ നാലുപേരെ യാദ്ഗിരി പൊലീസ് അറസ്റ്റ് ചെയ്തു. സൂത്രധാരകര്‍ക്കായി തെരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.







