കാസര്‍കോട്: സി പി എമ്മിനു പിന്നാലെ ബി ജെ പിയും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേയ്ക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി. കുഞ്ചത്തൂരില്‍ വിജയകുമാര്‍ റൈയും പുത്തിഗെയില്‍ മണികണ്ഠ റൈയും ബദിയഡുക്കയില്‍ രാമപ്പ മഞ്ചേശ്വരവും ജനവിധി തേടും. ദേലംപാടിയില്‍ ബേബി മണിയൂരും കുറ്റിക്കോലില്‍ മനുലാല്‍ മേലോത്തും കള്ളാറില്‍ ധന്യസുമോദും ചിറ്റാരിക്കാലില്‍ കെ എസ് രമണിയും കയ്യൂരില്‍ ടി ഡി ഭരതനും മടിക്കൈയില്‍ എ വേലായുധനും ഉദുമയില്‍ സൗമ്യാ പത്മനാഭനും സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ പി ആര്‍ സുനിലും ജനവിധി തേടുമെന്ന് ബിജെപി ദേശീയ നേതാവ് വി മുരളീധരന്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനി കെ ശ്രീകാന്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ഇതിനു പുറമെ ജില്ലയിലെ അഞ്ചു ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെയും മുരളീധരന്‍ പ്രഖ്യാപിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ 13വും പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ 10 ഡിവിഷനുകളിലെയും കാറഡുക്ക ബ്ലോക്കിലെ നാലു ഡിവിഷനുകളിലെയും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ എട്ടു ഡിവിഷനുകളിലെയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ആറു സ്ഥാനാര്‍ത്ഥികളെയുമാണ് പ്രഖ്യാപിച്ചത്.
കാസര്‍കോട് ജില്ലയുടെ അടിസ്ഥാന വികസനം ത്വരിതഗതിയിലാക്കാനും ജില്ലയിലെ തൊഴില്‍ രഹിതരായ അഭ്യസ്തവിദ്യര്‍ക്കു തൊഴിലവസരം ഉണ്ടാക്കാനും ബി ജെ പിക്കേ കഴിയൂ എന്നു അദ്ദേഹം പറഞ്ഞു. കേരളപ്പിറവിക്കു ശേഷം ഏഴു ദശാബ്ദം മാറിമാറി ഭരിച്ച ഇരുമുന്നണികളും കാസര്‍കോട് ജില്ലയുടെ ശാശ്വത പുരോഗതിക്കും അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതര്‍ക്കു തൊഴില്‍ സുരക്ഷിതത്വമുണ്ടാക്കാനും എന്തു ചെയ്തുവെന്നു ജില്ലയിലെ ജനങ്ങള്‍ക്കെല്ലാം അറിയാമെന്നു മുരളീധരന്‍ പറഞ്ഞു. കാസര്‍കോട് ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭങ്ങളുടെ കാരണങ്ങള്‍ ഇന്നും ഈ മേഖലയില്‍ നിലനില്‍ക്കുന്നു. അതിനു ശാശ്വത പരിഹാരമുണ്ടാക്കാന്‍ ബി ജെ പിയെ അധികാരത്തിലേറ്റണമെന്ന് അദ്ദേഹം വോട്ടര്‍മാരോടഭ്യര്‍ത്ഥിച്ചു.
ദേവസ്വം ബോഡു പ്രസിഡന്റുമാര്‍ ഒന്നിനു പിന്നാലെ ഒന്നായി അറസ്റ്റിലായിക്കൊണ്ടിരിക്കുന്നു. മന്ത്രിയായിരുന്ന കടകം പള്ളിയും മന്ത്രിയായ വാസവനും ശബരിമല സ്വര്‍ണ്ണവാതില്‍ പൊളിച്ചു മാറ്റിയതിനു പിന്നിലുണ്ടെന്നു മുരളീധരന്‍ ആരോപിച്ചു.







