കാസര്‍കോട്: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 24 കുപ്പി മുന്തിയ ഇനം ഒഡിഷ നിര്‍മിത മദ്യം ഡാന്‍സാഫ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ട്രെയിനിലെ എസി കോച്ച് അറ്റന്‍ഡര്‍ പിടിയിലായി. ബംഗാള്‍ മേദിനിപൂര്‍ സ്വദേശി പ്രദീപ് സാമന്ത(51)യാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ 10 മണിയോടെ കാസര്‍കോട് എത്തിയ വിവേക് എക്‌സപ്രസില്‍ നിന്നാണ് ജോണിവാക്കര്‍ ബ്ലാക്ക് ലാബല്‍ മദ്യം പിടികൂടിയത്. 24 കുപ്പി മദ്യം എസി കോച്ചിലെ ജീവനക്കാരുടെ കാബിനില്‍ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കാസര്‍കോട് ഭാഗത്ത് വിതരണം ചെയ്യാനെത്തിച്ച മദ്യമാണ് പിടികൂടിയതെന്നാണ് വിവരം. റെയില്‍വേ പൊലീസ് സൂപ്രണ്ട് ഷെഹന്‍ഷായുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് റെയില്‍വേ ഇന്‍സ്‌പെക്ടര്‍ സുധീര്‍ മനോഹര്‍ നേതൃത്വത്തിലുള്ള ഡാന്‍സാഫ് അംഗങ്ങളാണ് ഓപ്പറേഷന്‍ രക്ഷിതയുടെ ഭാഗമായി ട്രെയിനില്‍ റെയ്ഡ് നടത്തിയത്. തുടര്‍ നടപടികള്‍ക്കായി മദ്യം കാസര്‍കോട് എക്‌സൈസിന് കൈമാറി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജോസ് കോഴിക്കോട്, സിപിഒ രമേശ്, റനീത് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.







