ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാര്‍ സ്‌ഫോടനം നടത്തിയ ഡോ.ഉമര്‍ നബിയുടെ പുല്‍വാമയിലെ വീട് സുരക്ഷാ സേന ബോംബ് വെച്ച് തകര്‍ത്തു. സ്‌ഫോടനത്തിലെ പ്രധാന പ്രതി ഉമര്‍ ആണ് എന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുല്‍വാമയിലെ വീട് തകര്‍ത്തത്. സ്‌ഫോടകവസ്തു ( ഐഇഡി ) ഉപയോഗിച്ച് വീട് തകര്‍ത്തതായി അധികൃതര്‍ പറഞ്ഞു. കുടുംബാംഗങ്ങളെ നേരത്തെ വീട്ടില്‍നിന്ന് മാറ്റിയിരുന്നു. അതേസമയം, ബന്ധുക്കളില്‍ ചിലര്‍ പൊലീസ് കസ്റ്റഡിയിലാണ്. നേരത്തെ, പഹല്‍ഗാം ഭീകരാക്രമണ കേസില്‍ ഉള്‍പ്പെട്ടവരുടെ വീടുകളും പൊളിച്ചുമാറ്റിയിരുന്നു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചയുമായാണ് വീട് തകര്‍ത്തത്. ഉമറും മറ്റ് മൂന്ന് പേരും ജയ്‌ഷെ മുഹമ്മദ്, അന്‍സര്‍ ഗസ്വാത്-ഉല്‍-ഹിന്ദ് സംഘടനകളുമായി ബന്ധമുള്ളവരാണ്. ഇവര്‍ 2022 ല്‍ തുര്‍ക്കിയിലെ അങ്കാറയില്‍ താമസിച്ചിരുന്നു. തുടക്കത്തില്‍ ടെലിഗ്രാം വഴിയാണ് ആശയവിനിമയം നടത്തിയിരുന്നത്. പിന്നീട് സിഗ്‌നല്‍, സെഷന്‍ പോലുള്ള എന്‍ക്രിപ്റ്റഡ് ആപ്പുകളിലേക്ക് മാറി.
ഡല്‍ഹിയിലെ കാര്‍ ബോംബ് സ്‌ഫോടനക്കേസില്‍ ഉമറിന്റെ പങ്ക് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഈ സംഘം രാജ്യത്തെ വിവിധ നഗരങ്ങളില്‍ വലിയ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ഉപയോഗിക്കാന്‍ അവര്‍ തീരുമാനിച്ചിരുന്നു. ഇതിനായി മൂന്ന് കാറുകള്‍ സംഘടിപ്പിച്ചു. ഒരു ഹ്യുണ്ടായ് ഐ20, ചുവപ്പ് നിറത്തിലുള്ള ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മാരുതി ബ്രെസ്സ എന്നിവയായിരുന്നു അത്.
അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടറായ മുസമ്മില്‍, ഉമറിന്റെ അടുത്ത ആളാണ്. ഇയാള്‍ റെഡ് ഫോര്‍ട്ടിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ നിരീക്ഷിക്കാന്‍ രഹസ്യമായി അവിടെയെത്തിയിരുന്നു. 2026ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചോ അല്ലെങ്കില്‍ നവംബര്‍ 25ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടക്കുന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിനോടനുബന്ധിച്ചോ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. തിങ്കളാഴ്ച വൈകീട്ടായിരുന്നു ചെങ്കോട്ടയില്‍ സ്‌ഫോടനം നടന്നത്. 13 പേര്‍ കൊല്ലപ്പെടുകയും 20 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡോ. ഉമറാണ് പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 ഓടിച്ചിരുന്നത് എന്ന് ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.







