കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ദേശീയപാതയില്‍ മീന്‍ലോറി മറിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഡ്രൈവര്‍ വടകരയിലെ വിജിന്‍കുമാര്‍ (35) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് നിന്നു മീന്‍ കയറ്റി ഉള്ളാളിലെ ഫാക്ടറിയിലേയ്ക്ക് പോവുകയായിരുന്ന ലോറിയാണ് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ അപകടത്തില്‍പ്പെട്ടത്. ഓടി കൊണ്ടിരുന്ന ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം തെറ്റി റോഡിനു കുറുകെ മറിഞ്ഞാണ് അപകടം ഉണ്ടായത്. നാട്ടുകാര്‍ വിവമറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ വി എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി മീനുകള്‍ മറ്റു രണ്ടുവാഹനങ്ങളിലേയ്ക്ക് മാറ്റി. തുടര്‍ന്ന് യു എല്‍ സി സി യുടെ ക്രെയിന്‍ ഉപയോഗിച്ച് ലോറിയെ റോഡരുകിലേയ്ക്ക് മാറ്റുകയായിരുന്നു. ലോറിയില്‍ നിന്നു റോഡിലേയ്ക്ക് പരന്ന ഓയിലും മീന്‍ വെള്ളവും സോപ്പ് പൊടി വിതറി പമ്പ് ചെയ്ത ശേഷം രാത്രി 11 മണിയോടെയാണ് മൊഗ്രാല്‍ പുത്തൂര്‍ ദേശീയപാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. ഫയര്‍ഫോഴ്‌സ് സംഘത്തില്‍ ഇ പ്രസീദ്, സി വി ഷബില്‍ കുമാര്‍, പി രാജേഷ്, എസ് അരുണ്‍ കുമാര്‍, കെ വി ജിതിന്‍, കൃഷ്ണന്‍, ജെ സി ജിജോ, അതു ല്‍ രവി, ഹോംഗാര്‍ഡുമാരായ പി വി രഞ്ജിത്ത്, കെ സുമേഷ് എന്നിവരും ഉണ്ടായിരുന്നു.







