കാസർകോട്: മലയോരത്ത് വ്യാജചാരായ നിർമ്മാണ കേന്ദ്രം എക്സ്സൈസ് കണ്ടെത്തി. മാലോം എടക്കാനത്ത് പ്രത്യേകം കെട്ടി ഉണ്ടാക്കിയ ഷെഡ്ഡിൽ നിന്ന് ചാരായം വാറ്റാൻ തയ്യാറാക്കിയ 260 ലിറ്റർ വാഷും 10 ലിറ്റർ വാറ്റ് ചാരായവും പിടികൂടി. കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻ്റ് ആൻറി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ. വി സുരേഷും സംഘവും നടത്തിയ പരിശോധനയിലാണ് വ്യാജ ചാരായ നിർമാണ കേന്ദ്രം കണ്ടെത്തിയത്. പിടികൂടിയ വാഷും വാറ്റ് ചാരായും ഉദ്യോഗസ്ഥർ നശിപ്പിച്ചു. വാറ്റ് ഉപകരണങ്ങളും ചാരായ സാമ്പിളുകളും തൊണ്ടിയായി കസ്റ്റഡിയിലെടുത്ത് തുടർ നടപടികൾക്കായി നീലേശ്വരം എക്സൈസ് റെയിഞ്ച് ഓഫീസിൽ ഹാജരാക്കി. പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. മാലോം എടക്കാനം സ്വദേശി എം ടി സിനോജ് എന്നയാളെ പ്രതിസ്ഥാനത്ത് ചേർത്ത് കേസെടുത്തു. പ്രിവൻ്റീവ് ഓഫീസർ സി അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ, വി വി ഷിജിത്ത്, ടി വി അതുൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ടി വി ധന്യ എന്നിവരും എക്സ്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.






