കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിലെ മേല്‍പ്പറമ്പ് കട്ടക്കാലില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പള, കുണ്ടങ്കേരടുക്ക സ്വദേശിയും കളനാട്, ഇടവുങ്കാല്‍ വി.ബി വില്ലയില്‍ താമസക്കാരനുമായ വി.എസ് വിനീഷ് എന്ന അപ്പു (23)വാണ് ബുധനാഴ്ച പുലര്‍ച്ചെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ലൈറ്റ് ആന്റ് സൗണ്ട് മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു.
ഒക്ടോബര്‍ 16ന് രാവിലെ ഉണ്ടായ വാഹനാപകടത്തിലാണ് വിനീഷിന് പരിക്കേറ്റത്. കളനാട് ഭാഗത്തു നിന്നു മേല്‍പ്പറമ്പ് ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു വിനീഷ്. ഈ സമയത്ത് കൈനോത്ത് ഭാഗത്തേക്ക് പോകുന്ന പോക്കറ്റ് റോഡില്‍ നിന്നു കയറി വന്ന സ്‌കൂട്ടര്‍ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വിനീഷ് റോഡിലേക്ക് തെറിച്ചു വീഴുകയും ഈ സമയത്ത് എത്തിയ കെഎസ്ആര്‍ടിസി ബസ് ദേഹത്തു കയറി ഗുരുതരമായി പരിക്കേറ്റുവെന്നും മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
വിനീഷ് മരണപ്പെട്ട വിവരമറിഞ്ഞ് മേല്‍പ്പറമ്പ് പൊലീസും ബന്ധുക്കളും മംഗ്‌ളൂരുവിലേക്ക് പോയിട്ടുണ്ട്.
വിനോദ് കുമാര്‍-ശശികല ദമ്പതികളുടെ മകനാണ് വിനീഷ്. സഹോദരങ്ങള്‍: വിജിത്ത്, കൃഷ്ണപ്രിയ.






