ചെന്നൈ: തുള്ളുവതോ ഇളമൈ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ നടന്‍ അഭിനയ് കിങ്ങര്‍ അന്തരിച്ചു. 44 വയസായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗുരുതരമായ കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ചെന്നൈയിലാണ് അന്ത്യം.
ചികിത്സാച്ചെലവുകള്‍ വര്‍ധിച്ചതോടെ അദ്ദേഹത്തിന്റെ സാമ്പത്തിക നില വഷളായി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സിനിമാ മേഖലയിലെ പലരില്‍ നിന്നും അദ്ദേഹം സഹായം തേടിയിരുന്നു.
2002 ല്‍ ധനുഷ് നായകനായി അഭിനയിച്ച തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. തമിഴ്, മലയാളം സിനിമകളിലായി 15 ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിംഗാര ചെന്നൈ, പൊന്‍ മെഗാലൈ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തുടര്‍ന്ന് സൊല്ല സൊല്ല ഇനിക്കും, പലൈവന സൊലൈ എന്നീ ചിത്രങ്ങളില്‍ സഹനടനായി അഭിനയിച്ചു. തുപ്പാക്കി, അഞ്ജാന്‍ എന്നീ ചിത്രങ്ങളില്‍ വിദ്യുത് ജംവാലിന് ശബ്ദം നല്‍കിയ അഭിനയ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ പുരസ്‌കാരം നേടിയ ഉത്തരായനം അടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മലയാളി നടി രാധാമണിയുടെ മകനാണ്. മാതാവ് 2019 ല്‍ മരിച്ചിരുന്നു. കുടുംബാംഗങ്ങള്‍ ആരുമില്ലാത്തതിനാല്‍ നടന്റെ അന്ത്യകര്‍മങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ള നടപടികള്‍ തമിഴ് അഭിനേതാക്കളുടെ സംഘടന ആരംഭിച്ചു.







