തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് സിനിമാ, സീരിയല്‍ താരം പൂജപ്പുര രാധാകൃഷ്ണന്‍ ജനവിധി തേടും. ജഗതി വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുക. കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റാണ് പൂജപ്പുര രാധാകൃഷ്ണന്‍. പാര്‍ട്ടി ചെയര്‍മാനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാറാണ് രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. 1979ല്‍ പുറത്തിറങ്ങിയ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തുന്നത്. പക്ഷെ
ടിവി സീരിയലുകളിലൂടെയാണ് രാധാകൃഷ്ണന്‍ ശ്രദ്ധിക്കപ്പെടുന്നത്. ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ മുഖ്യഭാരവാഹിയാണ്. അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനിലെ സിപിഎം സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന എസ് പി ദീപക്ക് പേട്ട വാര്‍ഡില്‍ നിന്ന് മത്സരിക്കും. മുന്‍ മേയര്‍ കെ ശ്രീകുമാര്‍ ചാക്ക വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുക. പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ ബാബു വഞ്ചിയൂരില്‍ മത്സരിക്കും. പുന്നയ്ക്കാമുഗളില്‍ നിന്ന് ആര്‍ പി ശിവജി രംഗത്തിറങ്ങും. ഗൗരീശപട്ടം വാര്‍ഡില്‍ നിന്ന് മത്സരിക്കുന്നത് പുതുമുഖം അഡ്വ. പാര്‍വതിയായിരിക്കും.







