കൊച്ചി: സിനിമാ താരം കാവ്യാ മാധവന്റെ പിതാവ് നീലേശ്വരം സ്വദേശി മാധവന്റെ എഴുത്തഞ്ചാം പിറന്നാളായിരുന്നു ഇന്ന്. ഈ പിറന്നാള്‍ വലിയ ആഘോഷമാക്കണമെന്ന് താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്ന് ഫേസ്ബുക്കിലൂടെ കുറിച്ച് നടി. എഴുപത്തഞ്ചാം പിറന്നാള്‍ ആഘോഷിക്കാന്‍ അച്ഛന്‍ അറിയാതെ ഒരുപാട് കാര്യങ്ങള്‍ പദ്ധതിയിട്ടിരുന്നുവെന്നും കാവ്യ കുറിച്ചു.കുറിപ്പിനൊപ്പം കുടുംബ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിലായിരുന്നു പി. മാധവന്‍ ചെന്നൈയില്‍ വച്ച് മരണപ്പെട്ടത്. കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനകാലം മുതല്‍ തന്നെ മകള്‍ക്ക് പൂര്‍ണപിന്തുണയുമായി കൂടെയുണ്ടായിരുന്നു മാധവന്‍. ബാല്യകാലത്ത് വേദികളിലും സിനിമാസെറ്റുകളിലും കാവ്യയ്‌ക്കൊപ്പം നിന്ന് ശക്തമായ പിന്തുണയും സ്‌നേഹവും നല്‍കിയിരുന്ന ആളായിരുന്നു.
നീലേശ്വരത്ത് സുപ്രിയ ടെക്‌സ്‌റ്റൈല്‍സ് എന്ന സ്ഥാപനം നടത്തിവന്നിരുന്ന മാധവന്‍ മകള്‍ സിനിമയില്‍ സജീവമായതോടെ സ്ഥാപനം ഒഴിവാക്കി. പിന്നീട് കൊച്ചിയിലേക്ക് താമസം മാറി. പിന്നീട്
മകള്‍ മഹാലക്ഷ്മിയുടെ പഠനത്തിനായി കാവ്യ ചെന്നൈയിലേക്ക് താമസം മാറ്റിയപ്പോള്‍ മാധവനും ഒപ്പം പോവുകയായിരുന്നു. അതിനിടെയാണ് വിയോഗമുണ്ടായത്.
ഫേസ്ബുക്കിലെ കാവ്യയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്ന് നവംബര്‍ 10;
അച്ഛന്റെ 75-ാം പിറന്നാള്‍.
അച്ഛന്‍ ഒരിക്കലും ഓര്‍ത്തിരിക്കാത്ത, ആഘോഷിക്കാത്ത ദിവസം.
അച്ഛന്റെ സന്തോഷങ്ങള്‍ എപ്പോഴും ഞങ്ങളായിരുന്നു. പക്ഷെ ഈ പിറന്നാള്‍ വലിയ ആഘോഷമാക്കണമെന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനായി അച്ഛന്‍ അറിയാതെ കുറെയേറെ കാര്യങ്ങള്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു.
എന്റെ ഓരോ പിറന്നാളും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓരോ ഓര്‍മ്മകളാക്കിയ അച്ഛന്റെ ഈ 75ാം പിറന്നാള്‍ ഏറ്റവും ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകള്‍. പക്ഷെ…അച്ഛന് തിരക്കായി…
എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍
ഏഴു തിരിയിട്ട വിളക്ക് പോല്‍ തെളിയുന്ന അച്ഛന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഹൃദയാഞ്ജലി








