കാസര്‍കോട്: മരം ദേഹത്തു വീണുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കള്ളാര്‍ പൂതത്താന്‍ മൂലയിലെ ശങ്കരന്‍(55), ബന്തടുക്ക, മാണിമൂല തട്ടിലെ ബാബു നായിക് (80) എന്നിവരാണ് മരിച്ചത്.
മരംവെട്ട് തൊഴിലാളിയാണ് ശങ്കരന്‍. ശനിയാഴ്ച പാണത്തൂര്‍, കല്ലപ്പള്ളിയില്‍ മരം മുറിക്കുന്നതിനിടയില്‍ മരക്കൊമ്പ് ദേഹത്ത് വന്നിടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജപുരം പൊലീസ് കേസെടുത്തു. ഭാര്യ: കാര്‍ത്യാനി. മക്കള്‍: സതീഷ്, സൗമ്യ. മരുമക്കള്‍: പ്രമീള, സന്ദീപ്.
വെള്ളിയാഴ്ച വീട്ടുപറമ്പിലെ മരക്കൊമ്പ് മുറിക്കുന്നതിനിടയില്‍ ഉണ്ടായ അപകടത്തിലാണ് മാണിമൂല തട്ടിലെ കര്‍ഷകനായ ബാബു നായിക് മരിച്ചത്. കവുങ്ങിനു മുകളില്‍ കുടുങ്ങിയ മരക്കൊമ്പ് എടുത്തു മാറ്റാനുള്ള ശ്രമത്തിനിടയില്‍ വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്. മരക്കൊമ്പ് തലയില്‍ വീണു ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ഇന്ദിരാനഗറിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് മരണം സംഭവിച്ചത്. ബേഡകം പൊലീസ് കേസെടുത്തു.







