തളിപറമ്പ്: കുറുമാത്തൂര്‍ പൊക്കുണ്ട് ഡയറി ജുമാമസ്ജിദിനു സമീപത്തെ 49 ദിവസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. മാതാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യല്‍ തുടരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച വൈകുന്നേരത്തോടെ മാതാവ് മുബഷീറയെ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.
തിങ്കളാഴ്ച രാവിലെ 9.30 മണിയോടെയാണ് ജാബിറിന്റെ മകന്‍ അമീഷ് അലന്‍ ജാബിറിനെ കിണറ്റില്‍ കാണപ്പെട്ടത്. കുട്ടിയെ കുളിപ്പിക്കുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് മാതാവ് പറഞ്ഞത്. നാട്ടുകാരനായ പി പി നാസര്‍ എന്നയാള്‍ 24 കോല്‍ താഴ്ച്ചയുള്ള കിണറ്റില്‍ ഇറങ്ങി കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഇരുമ്പു ഗ്രില്ലും ആള്‍മറയുള്ള കിണറിനു വലയുമുണ്ട്. കുട്ടി അബദ്ധത്തില്‍ വീണതാണെന്ന മാതാവിന്റെ വെളിപ്പെടുത്തല്‍ തുടക്കം മുതല്‍ക്കു തന്നെ പൊലീസിനു സംശയം ഉണ്ടാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മുബഷീറയെ തിങ്കളാഴ്ച വൈകുന്നേരം വനിതാ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായ സൂചന ലഭിച്ചത്.
ചൊവ്വാഴ്ച രാവിലെ തളിപ്പറമ്പ് ഡിവൈ എസ് പി കെ ഇ പ്രേമചന്ദ്രനും ഇന്‍സ്‌പെക്ടര്‍ ബാബു മോനും മുബഷീറയെ വീണ്ടും ചോദ്യം ചെയ്തേ ശേഷമാണ് കൊലപാതകമാണെന്നു സ്ഥിരീകരിച്ചത്.







