മൈസൂരു: പെരിയപട്ടണ താലൂക്കിലെ ബെട്ടടപുര ഗ്രാമത്തില്‍ 25 വയസുള്ള മാതാവ് എട്ട് ദിവസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. അര്‍ബിയ ബാനു (25) ആണ് മക്കളായ അനം ഫാത്തിമ(2)യെയും നവജാത ശിശുവിനെയും കൊന്ന് ജീവനൊടുക്കിയത്. ഭര്‍ത്താവ് സയ്യിദ് മുസാവിര്‍ ശനിയാഴ്ച രാവിലെ ജോലിക്ക് പോയ സമയത്താണ് സംഭവം.
രണ്ടും പെണ്‍കുട്ടികളായതില്‍ യുവതി നിരാശയിലായിരുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും എ.എസ്.പി സി മാലിക് പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പാണ് ബാനു ഇതേ താലൂക്കിലെ അരെഹള്ളി ഗ്രാമത്തിലെ മുസാവീറുമായി വിവാഹിതയായത്. ബംഗളൂരുവിലെ ഒരു സ്വകാര്യ മാളില്‍ ജോലി ചെയ്തിരുന്ന മുസാവീര്‍, അടുത്തിടെ പ്രസവ ശേഷം ഭാര്യയെയും കുട്ടികളെയും പരിപാലിക്കുന്നതിനായി അവരുടെ മാതാപിതാക്കളുടെ വീട്ടില്‍ ആക്കിയിരുന്നു. മൂത്ത മകള്‍ ഫാത്തിമ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടിയായിരുന്നു. രണ്ടാമത്തെ കുട്ടി എട്ട് ദിവസം മുമ്പാണ് ജനിച്ചത്. കുട്ടികളെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി കഴുത്ത് അറുത്ത് ജീവനൊടുക്കുകയായിരുന്നു ബാനു. അതേസമയം
പെണ്‍കുട്ടികള്‍ ജനിച്ചതുമായി ബന്ധപ്പെട്ട് ഭര്‍ത്താവില്‍ നിന്നോ ഭര്‍തൃവീട്ടുകാരില്‍ നിന്നോ പീഡനമോ ഗാര്‍ഹിക സമ്മര്‍ദ്ദമോ ഉണ്ടായതായി തെളിവുകളില്ലെന്ന് പൊലീസ് വ്യക്തമാക്കി.
അഡീഷണല്‍ പോലീസ് സൂപ്രണ്ട് സി മല്ലിക്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദീപക്, തഹസില്‍ദാര്‍ നിസര്‍ഗപ്രിയ, പിഎസ്‌ഐ അജയ് കുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. പിന്നീട് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.







