വാഷിംഗ്ടണ്‍: ഐ ടി, എ ഐ മേഖലകളിലെ അമേരിക്കന്‍ ആധിപത്യത്തിന്റെ കരുത്ത് ഇന്ത്യന്‍ പൗരന്മാരാണെന്നും അമേരിക്കയുടെ തൊഴില്‍ നിയന്ത്രണങ്ങള്‍ ഈ മേഖലകളിലെ അമേരിക്കന്‍ ആധിപത്യം തകരാന്‍ ഇടയാക്കിയേക്കുമെന്നും യു എസ് നിയമനിര്‍മ്മാതാക്കള്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പിനെ മുന്നറിയിച്ചു.
1,00,000 ഡോളര്‍ ഫീസുള്‍പ്പെടെയുള്ള എച്ച്-1 ബി വിസകളെക്കുറിച്ചുള്ള പ്രഖ്യാപനം പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ത്ഥനയില്‍ അവര്‍ ട്രമ്പിനോട് ആവശ്യപ്പെട്ടു.
യു എസ് പ്രതിനിധി ജിമ്മി പനേറ്റ, കോണ്‍ഗ്രസ് അംഗങ്ങളായ അമിബേര, സലൂദ് കാര്‍ ബജല്‍, ജൂമി ജോണ്‍സണ്‍ എന്നിവര്‍ വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ചു ട്രമ്പിന് കത്തെഴുതിയത്. ട്രമ്പിന്റെ കുടിയേറ്റേതര തൊഴിലാളികളുടെ അമേരിക്കന്‍ പ്രവേശന നിയന്ത്രണ പ്രഖ്യാപനത്തില്‍ നിയമ നിര്‍മ്മാതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സെപ്തംബര്‍ 19നാണ് ട്രമ്പ് ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലേക്ക് അടുത്തിടെ നടത്തിയ അമേരിക്കന്‍ പ്രതിനിധി സംഘ അംഗങ്ങളെന്ന നിലയിലാണ് ഇവര്‍ ഇക്കാര്യം ട്രമ്പിനോട് ആവശ്യപ്പെട്ടത്. ട്രമ്പിന്റെ ഈ പ്രഖ്യാപനം അമേരിക്കന്‍ സമ്പദ് വ്യവസ്ഥയേയും ദേശീയ സുരക്ഷ, വാണിജ്യ മത്സരം എന്നിവയെ ബാധിക്കുമെന്ന് അവര്‍ കത്തില്‍ പറഞ്ഞു. മാത്രമല്ല, ഇന്ത്യന്‍ -അമേരിക്കന്‍ ബന്ധം തകര്‍ക്കും. ഇന്ത്യന്‍- അമേരിക്കന്‍ സമൂഹവും ഉല്‍ക്കണ്ഠയോടെയാണ് പ്രഖ്യാപനത്തെ കാണുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ചൈന കൃത്രിമ ബുദ്ധിയിലും നൂതന സാങ്കേതിക വിദ്യയിലും അക്രമാത്മകമായ നിക്ഷേപം നടത്തുമ്പോള്‍ നവീകരണ ആവാസ വ്യവസ്ഥ, പ്രതിരോധ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തല്‍, ദീര്‍ഘകാലമായുള്ള അമേരിക്കയുടെ എല്ലാ മേഖലകളിലുമുള്ള മത്സരശേഷി എന്നിവ നിലനിറുത്തുന്നതിനു ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകളെ അമേരിക്കയിലേക്ക് ആകര്‍ഷിക്കാനുള്ള അവസരം വര്‍ധിപ്പിക്കണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ നിലവിലുള്ള എച്ച്-1 ബി വിസക്കാരില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണെന്ന് അവര്‍ ട്രമ്പിനെ ചൂണ്ടിക്കാണിച്ചു. ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നീ മേഖലകളിലെ അമേരിക്കയുടെ മൂലക്കല്ല് ഇന്ത്യക്കാരാണെന്ന് അവര്‍ എടുത്തുകാട്ടി.







