മലയാളികള്‍ ഒരിക്കലും മറക്കാത്ത ഗാനങ്ങള്‍ സമ്മാനിച്ച വയലാര്‍ രാമവര്‍മ ഓര്‍മ്മയായിട്ട് അമ്പതാണ്ട്.
1975 ഒക്ടോബര്‍ 27ന്, പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വത്തിന്റെ വാര്‍ഷിക ദിനത്തിലാണു വിപ്ലവകവി വിടപറഞ്ഞത്. അന്ന് ആ വിയോഗ വാര്‍ത്ത ആകാശവാണിയിലൂടെ കേട്ട് കേരളം തേങ്ങി. 47 വയസിനിടെ 254 ലധികം ചിത്രങ്ങളില്‍ പാട്ടെഴുതി. 1300 ഓളം ഗാനങ്ങള്‍. വയലാര്‍-ദേവരാജ് കൂട്ടുകെട്ടില്‍ പിറന്നത് നിരവധി അനശ്വര ഗാനങ്ങള്‍. കവിതയിലും പാട്ടെഴുത്തിലും വയലാര്‍ ഒറ്റയ്ക്കായിരുന്നില്ല. പി ഭാസ്‌കരനും ഒഎന്‍വിയും ഒപ്പമുണ്ടായിരുന്നു. ജീവിച്ചിരുന്ന കാലത്തും അന്തരിച്ച ശേഷവും ജാതിമതരാഷ്ട്രീയമില്ലാതെ മലയാളികളുടെ ആദരവ് നേടിയ അപൂര്‍വ്വം പ്രതിഭയായിരുന്നു വയലാര്‍ രാമവര്‍മ്മ. അറുപതുകളിലും എഴുപതുകളുടെ മധ്യം വരെയും വയലാറിന്റെ ഗാനങ്ങള്‍ മലയാള സിനിമയുടെ ആത്മാവായി.

1956 ല്‍ ജെ.ഡി. തോട്ടാന്റെ ‘കൂടപ്പിറപ്പ്’ എന്ന ചിത്രത്തിലാണ് ആദ്യമായി സിനിമക്ക് വേണ്ടി വയലാര്‍ രാമവര്‍മ്മ ഗാനങ്ങളെഴുതുന്നത്. 10 പാട്ടുകളാണ് അതിനുവേണ്ടി എഴുതിയത്. സംഗീതം നല്‍കിയത് കെ രാഘവന്‍ മാസ്റ്ററായിരുന്നു. ശാന്താ പി. നായര്‍ പാടിയ ‘ തുമ്പി തുമ്പി വാവാ, തുമ്പത്തണലില്‍ വാവാ’ എന്ന ഗാനത്തോടെ വയലാര്‍ രാമവര്‍മ്മ ചലചിത്ര ഗാനരചയിതാവായി. 1958 ല്‍ പൊന്‍കുന്നം വര്‍ക്കിയുടെ ‘കതിരുകാണാക്കിളി ‘ നാടകത്തിലെ ‘എ.പി. കോമള പാടിയ’ ശര്‍ക്കരപ്പന്തലില്‍ തേന്‍മഴ ചൊരിയും ചക്രവര്‍ത്തി കുമാരാ’ എന്ന ഗാനമാണ് വയലാറിനെ നാടകഗാന രംഗത്ത് ശ്രദ്ധേയനാക്കിയത്. ശിപ്പായി ലഹളയുടെ നൂറാം വര്‍ഷികത്തില്‍ തിരുവനന്തപുരത്ത് പാളയത്തെ രക്തസാക്ഷികളെ അനുസ്മരിക്കാന്‍ വയലാര്‍ എഴുതി ജി.ദേവരാജന്‍ സംഗീതം പകര്‍ന്ന സംഘഗാനമാണ് ഏറെ പ്രശസ്തമായ ‘ബലികുടീരങ്ങളെ’ എന്ന ഗാനം. 1963 ല്‍ പുറത്തിറങ്ങിയ ‘കതിരുകാണാക്കിളിയിലെ’ എന്ന സിനിമയിലെ വയലാര്‍- ദേവരാജന്‍ കൂട്ടുകെട്ടിന്റെ ‘കണ്ണുനീര്‍ മുത്തുമായ്’ എന്ന ഗാനമാലപിച്ച യേശുദാസ് എന്ന ഗായകന്‍ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പിന്നണി ഗായകനായി മാറി. 1972 ല്‍ ‘അച്ഛനും ബാപ്പയും’ എന്ന ചിത്രത്തിലെ ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു’ എന്ന ഗാനത്തിനുള്ള ദേശീയ പുരസ്‌കാരമാണ് തെന്നിന്ത്യയില്‍ ആദ്യമായി മലയാളത്തിനെ തേടിയെത്തിയത്.
എഴുതിയ വയലാറിനും പാടിയ യേശുദാസിനും ദേശീയപുരസ്‌കാരം ലഭിച്ചു. വയലാറിന്റെ ഗാനങ്ങള്‍ ഏറ്റവും കൂടുതല്‍ പാടിയതും യേശുദാസായിരുന്നു. 1975 ഒക്ടോബര്‍ 27ന് 47-ാം വയസിലാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികള്‍ക്ക് മറക്കാനാകാത്ത അനശ്വര ഗാനങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ മടക്കം.








