പി.പി.ചെറിയാന്‍
ഹൂസ്റ്റണ്‍: ഡിസംബര്‍ രണ്ടാം വാരത്തില്‍ നടക്കാനിരിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (എം എ ജി എച്ച് ) ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് ഹൂസ്റ്റണ്‍ മലയാളികളെയും അമേരിക്കയിലെ മലയാളി സമൂഹത്തെയും ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിച്ചു.
നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ളതും ശക്തവുമായ മാഗ് ഹൂസ്റ്റന്‍, നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും നേടിയിട്ടുണ്ട്.നഗരത്തിന്റെ ഹൃദയഭാഗത്ത് വിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടുകൂടിയ രണ്ട് മിനി ഹാളുകളും, സ്‌പോര്‍ട്‌സ് പരിപാടികള്‍ക്കുള്ള പ്രത്യേക സൗകര്യങ്ങളും സംഘടനക്കുണ്ട്. അതിനൊപ്പം, വിശാലമായ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം വാങ്ങുകയും അതിന്റെ വിജയത്തിനായി മുന്‍കാല ബോര്‍ഡുകളും നിലവിലെ കമ്മിറ്റി അംഗങ്ങളും ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയുമാണ്.
ഇതിനിടയില്‍ നടക്കുന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍
റോയി മാത്യു വിന്റെയും ചാക്കോ തോമസിന്റെയും നേതൃത്വത്തില്‍ രണ്ട് പാനലുകള്‍ സജീവമായി രംഗത്തുണ്ട്. സാമൂഹിക ബന്ധങ്ങളിലും പ്രവര്‍ത്തന പാരമ്പര്യത്തിലും ഇരുപാനലുകളും ഒപ്പത്തിനൊപ്പമാണ്. എങ്കിലും പാനല്‍ നിറയ്ക്കാനുള്ള തിരക്കില്‍ ചിലരെയെങ്കിലും തള്ളിക്കയറിയിട്ടുണ്ടെന്നും സംസാരമുണ്ട്.
മാഗിന്റെ പുതിയ നിര്‍മ്മാണവും ഭാവി പദ്ധതികളും മുന്നോട്ട് കൊണ്ടുപോകാന്‍ ഇരുപാനലുകളിലുമുള്ള മികച്ച സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഏകകണ്ഠമായ ഒരു പാനല്‍ ആക്കണമെന്നതാണ് ഹൂസ്റ്റണിലെ ഭൂരിഭാഗം മലയാളികളുടെയും നിലപാടെന്നറിയുന്നു.
മാഗിന്റെ സ്ഥാപക നേതാക്കളുടെയും മുതിര്‍ന്ന അംഗങ്ങളുടെയും ഉപദേശത്തോടെ ഇത്തരമൊരു ഏകപാനല്‍ രൂപീകരണം നടപ്പിലാക്കണമെന്നും ശക്തമായ അഭിപ്രായമുണ്ട്.
പതിനാറ് ബോര്‍ഡ് അംഗങ്ങളെ തുല്യമായി ഇരുപാനലിലും പങ്കിട്ടും, പ്രസിഡന്റ് സ്ഥാനം ഒരു പാനലിന് നല്‍കി ആ പാനലില്‍ നിന്ന് ഏഴും മറ്റേ പാനലിനു ഒന്‍പതും ആയി വിഭജിച്ചാല്‍ ഒരു സമവാക്യം കണ്ടെത്താന്‍ കഴിയുമെന്നും പൊതുവെ കരുതുന്നു.
നാട്ടിലെ പഞ്ചായത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തല മത്സരങ്ങളുടേതു പോലെ അനാവശ്യമായ സാമ്പത്തികവും സമയ നഷ്ടവുമുള്ള മത്സരങ്ങള്‍ ഒഴിവാക്കി ആ ഊര്‍ജ്ജവും തുകയും മാഗിന്റെ പുതിയ നിര്‍മ്മാണത്തിനായി വിനിയോഗിക്കനാമെന്നും അഭിപ്രായമുണ്ട്. ഹൂസ്റ്റണിലെ മിക്കവാറും ദേവാലയങ്ങളും അമ്പലങ്ങളും സന്ദര്‍ശിക്കുന്ന തിരക്കിലാണ് രണ്ടു പാനലംഗങ്ങളും. അതോടൊപ്പം ഒക്ടോബര്‍ മാസം മുതല്‍ തിരഞ്ഞെടുപ്പ് വരെ ഹൂസ്റ്റണില്‍ നടക്കുന്ന എല്ലാ അസ്സോസിയേഷന്‍ യോഗങ്ങളിലും മീറ്റിംഗുകളിലും കൂട്ടായ്മകളിലും പങ്കെടുക്കുന്നതിലും ഇരു പനലുകളും തമ്മില്‍ വാശിയേറിയ മത്സരമായിരിക്കുമെന്നും സൂചനയുണ്ട്. ജോലിയില്‍ നിന്ന് അവധിയെടുത്തും സമയം പാഴാക്കിയും എങ്ങനെയും ജയിച്ചു കയറാനുള്ള വാശി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം രണ്ട് പാനലുകളിലുമുള്ള സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യം മൂലം, സാധാരണയായി ആളുകള്‍ കുറവായിരുന്ന മലയാളി യോഗങ്ങളില്‍ ഇപ്പോള്‍ കൂടുതല്‍ പേര്‍ എത്തുന്നതും മത്സരത്തിന്റെ വാശി വെളിപ്പെടുത്തുന്നു.







