ആഗ്ര: മദ്യലഹരിയില്‍ ലക്കുകെട്ട എന്‍ജിനീയര്‍ ഓടിച്ച കാറിടിച്ച് 5 കാല്‍നടയാത്രക്കാര്‍ക്ക് ദാരുണാന്ത്യം. ന്യൂ ആഗ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നഗ്ല ബുധിയിലായിരുന്നു അപകടം. അപകടം വരുത്തിവച്ച ആഗ്ര സ്വദേശി അനീഷ് ഗുപ്തയെ (40) അറസ്റ്റ് ചെയ്തു. വാഹനം കസ്റ്റഡിയിലെടുത്തു.
നോയിഡയിലെ സ്വകാര്യകമ്പനിയില്‍ എന്‍ജിനീയറാണ് ഇയാള്‍. ദീപാവലി അവധിക്കു നാട്ടിലെത്തിയതായിരുന്നു. രക്തപരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം തെളിഞ്ഞതായി പൊലീസ് പറഞ്ഞു. അമിത വേഗത്തിലെത്തിയ കാര്‍ ഡിവൈഡറില്‍ കയറിയശേഷം കാല്‍നടയാത്രക്കാരെ ഇടിക്കുകയായിരുന്നു.
ഇടിയേറ്റ 5 പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 2 പേര്‍ ചികിത്സയിലാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഏഴ് പേരെ ഇടിച്ച ശേഷം ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. കാറില്‍ കുടുങ്ങിയ എഞ്ചിനീയരുടെ സുഹൃത്തിനെ പൊലീസ് രക്ഷപ്പെടുത്തി. രോഷാകുലരായ ആളുകള്‍ പൊലീസിന് നേരെ കല്ലെറിയുകയും അവരെ വലിച്ചിഴയ്ക്കുകയും ചെയ്തു. രാത്രി വൈകുവോളം കാര്‍ സംഭവസ്ഥലത്ത് നിന്ന് മാറ്റാന്‍ അവര്‍ അനുവദിച്ചില്ല.







