പയ്യന്നൂര്‍: ഭര്‍ത്താവിനെ തലക്കടിച്ചുകൊന്ന് മൃതദേഹം വലിച്ചിഴച്ച് റോഡില്‍ കൊണ്ടിട്ട കേസില്‍ ഭാര്യക്ക് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ. വയക്കര മൂളിപ്രയിലെ ചാക്കോച്ചന്‍ എന്ന കുഞ്ഞുമോനെ തലക്കടിച്ച് കൊന്ന കേസിലാണ് ഭാര്യ റോസമ്മയെ (62) തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.എന്‍.പ്രശാന്ത് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നു കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. പയ്യന്നൂരിലെ മെഡിക്കല്‍ സ്റ്റോറില്‍ സെയില്‍സ്മാനായ ചാക്കോച്ചന്‍ 2013 ജൂലായ് അഞ്ചിന് രാത്രിയാണ് കൊല്ലപ്പെട്ടത്. ആറിന് പുലര്‍ച്ചെയോടെയാണ് റോഡില്‍ മൃതദേഹം കാണപ്പെട്ടത്. പെരിങ്ങോം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മാതാവിനെ പരിചരിച്ചിരുന്നത് ചാക്കോച്ചനായിരുന്നു. അതിനാല്‍ മൂന്ന് ഏക്കറിലധികം വരുന്ന റബ്ബര്‍ത്തോട്ടം ചാക്കോച്ചന്റെ പേരില്‍ അമ്മ എഴുതി നല്‍കിയിരുന്നു. ഈ സ്വത്ത് തന്റെ പേരിലാക്കിത്തരണമെന്ന് പറഞ്ഞ് റോസമ്മ ചാക്കോച്ചനുമായി നിരന്തരം തര്‍ക്കം ഉണ്ടായിരുന്നു.സംഭവ ദിവസം ഉണ്ടായ വഴക്കിനിടെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ചാക്കോച്ചനെ റോസമ്മ അടിച്ചുകൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്. കൊലക്ക് ശേഷം മൃതദേഹം 30 മീറ്ററോളം വലിച്ചിഴച്ചും തള്ളിയും റോഡില്‍ കൊണ്ടിടുകയും ചെയ്തു. പിന്നീട് വീട്ടിലെ തറയിലും ചുമരിലുമുണ്ടായ രക്തക്കറ കഴുകിക്കളഞ്ഞ റോസമ്മ ആയുധം ഒളിപ്പിച്ചുവെച്ചു.
24 സാക്ഷികളില്‍ 16 പേരെയാണ് കോടതി വിസ്തരിച്ചത്.
പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പ്രതി സ്ത്രീയാണെന്നും രോഗിയാണെന്നും കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും ഇന്നലെ വാദിച്ചിരുന്നു. അതേസമയം പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. യു.രമേശന്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കി പ്രതിയായ റോസമ്മക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് വാദിച്ചു. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെങ്കിലും ക്രൂരമായ കൊലയാണ് നടന്നതെന്ന് ജഡ്ജ് കെ.എന്‍.പ്രശാന്ത് ചൂണ്ടിക്കാട്ടി. മാരകായുധം ഉപയോഗിച്ച് ഏഴ് തവണയാണ് റോസമ്മ ഭര്‍ത്താവിനെ അക്രമിച്ചത്. തല ചിതറിക്കിടന്ന ഭര്‍ത്താവിനെ അവര്‍ 30 മീറ്ററോളം വലിച്ചിഴച്ച് റോഡില്‍ കൊണ്ടിട്ടു. ശേഷം തെളിവ് നശിപ്പിക്കാന്‍ അടിച്ചുവാരി ശുചീകരിക്കുകയും സുഗന്ധ വസ്തുക്കള്‍ വീട്ടില്‍ ഉപയോഗിക്കുകയും ചെയ്ത് റോസമ്മ ഒന്നും സംഭവിക്കാത്ത പോലെ നില്‍ക്കുകയായിരുന്നു. വയസുകാലത്ത് പരസ്പരം താങ്ങും തണലുമായി നില്‍ക്കേണ്ടതായിരുന്നു ഇരുവരും. അങ്ങനെയുള്ള 60കാരനായ ഭര്‍ത്താവിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. റോസമ്മയുടെ ശാരീരിക-മാനസിക അവശതകളോ മക്കള്‍ക്ക് മറ്റാരുമില്ലെന്ന വാദമോ നിലനില്‍ക്കില്ലെന്നും ജഡ്ജി വിധിയില്‍ ചൂണ്ടിക്കാട്ടി. തളിപ്പറമ്പില്‍ അഡീഷണല്‍ സെഷന്‍സ് കോടതി പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷമുള്ള ആദ്യ കൊലക്കേസ് വിധിയാണിത്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോള്‍ ജോസ്, അഡ്വ. മധു എന്നിവരും ഹാജരായിരുന്നു.







