മൈസൂരു: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് തട്ടിക്കൊണ്ടുപോയ 50 ദിവസം പ്രായമായ കുഞ്ഞിനെ അരമണിക്കൂറിനകം കണ്ടെത്തി മാതാപിതാക്കളെ ഏല്‍പിച്ച് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ മാതാപിതാക്കളായ രാമനഗര ഇജൂര്‍ സ്വദേശി ഹിയാഷ് ഖാനും ജാസ്മിന്‍ താജും അന്വേഷണ സംഘത്തിന് നന്ദിയറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് കുഞ്ഞിനെ കാണാതായത്. സ്റ്റേഷന്‍ വളപ്പില്‍ മാതാവിന്റെ കൂടെ കിടന്നുറങ്ങുമ്പോഴാണ്
അജ്ഞാതയായ സ്ത്രീ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ കാണാതായതോടെ മാതാവ് നിലവിളിച്ചുകരയാന്‍ തുടങ്ങി. അതു കണ്ട ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ സംഭവം ആരാഞ്ഞു. തുടര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, ഏകദേശം 50 വയസ്സ് പ്രായമുള്ള ഒരു സ്ത്രീ കൈക്കുഞ്ഞുമായി ആറാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നത് വ്യക്തമായി. ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് എഎസ്ഐ പ്രാസിയുടെയും ഇന്‍സ്പെക്ടര്‍ ദിനേശ് കുമാറിന്റെയും ഇടപെടലിലൂടെ സ്ത്രീയെ ട്രെയിനില്‍ തടഞ്ഞുനിര്‍ത്തി കുട്ടിയെ രക്ഷപ്പെടുത്തി രക്ഷിതാക്കള്‍ക്ക് കൈമാറി. ഹാസന്‍ സ്വദേശിനി ദേവികയെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. ‘ഓപ്പറേഷന്‍ നാന്‍ഹെ ഫാരിഷ്ടെ’ യുടെ പേരിലാണ് കുഞ്ഞിനായി തിരച്ചില്‍ നടത്തിയത്.







