തിരുവനന്തപുരം: ശബരിമലയിൽ നിന്നും കടത്തിയ സ്വർണം ബെല്ലാരിയിലെ ജ്വല്ലറി യിൽ നിന്നും കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധനായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റത്. പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് കളവുപോയ സ്വർണത്തിന്റെ ഒരു ഭാഗം കണ്ടെത്തിയത്. ശബരിമല സ്വർണ്ണ മോഷണക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന്, വേർതിരിച്ചെടുത്ത സ്വർണ്ണം ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരിയായ ഗോവർദ്ധന് വിറ്റതായി പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ആണ് അന്വേഷണസംഘം ഗോവർധനന്റെ ജ്വല്ലറിയിൽ എത്തിയത്. ബെല്ലാരിയില റൊദ്ദം ജ്വല്ലറി പൂട്ടിയ നിലയിലായിരുന്നു. ഉപഭോക്താക്കള്‍ക്കായി ഫോണ്‍ നമ്പര്‍ മാത്രമുള്ള നോട്ടിസ് ഒട്ടിച്ചിരുന്നു. തിരുവനന്തപുരത്തു നടന്ന ചോദ്യം ചെയ്യലിൽ, പോറ്റി സ്വർണ്ണം തനിക്ക് വിറ്റതായി ഗോവർദ്ധൻ സമ്മതിച്ചിരുന്നു. പോറ്റി നൽകിയ 476 ഗ്രാം സ്വർണവും വീണ്ടെടുക്കാൻ സാധിക്കും എന്ന് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നു. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് രാവിലെ ചേരും. ബോര്‍ഡ് ആസ്ഥാനത്തെ യോഗത്തില്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതി ബോര്‍ഡിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാവും. അഭിഭാഷകന്‍ മുഖേന 2025 കാലയളവില്‍ സംഭവിച്ച കാര്യങ്ങള്‍ ബോര്‍ഡ് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.







