ലഖ്‌നൗ: ആറ് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത സ്വവര്‍ഗ പങ്കാളിയുടെ ജനനേന്ദ്രിയം അറുത്ത് പിതാവ്. പിന്നാലെ പിതാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഡേയോറിയ ജില്ലയിലാണ് സംഭവം നടന്നത്. നാട്ടിലെ ഓര്‍ക്കസ്ട്ര ഗ്രൂപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു ആറ് വയസുകാരിയുടെ പിതാവ്. ഭാര്യയുമായി വേര്‍പിരിഞ്ഞ ശേഷം ഡേയോറിയയില്‍ ഒരു ചെറിയ മുറിയെടുത്ത് രാംബാബു യാദവ് (35) എന്ന സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്നു. ഇതിനിടയില്‍ ഇരുവര്‍ക്കുമിടയില്‍ ബന്ധം വളരുകയും ചെയ്തു. അതിനിടെ പിതാവിനെ സന്ദര്‍ശിക്കാന്‍ മുറിയില്‍ എത്തിയ ആറ് വയസുകാരിയെ രാംബാബു യാദവ് ബലാത്സംഗം ചെയ്തതായാണ് ആരോപണം. സംഭവം അറിഞ്ഞ ഉടന്‍ കുട്ടിയുടെ പിതാവ് ഇതിനെ ചോദ്യം ചെയ്യുകയും രാംബാബു യാദവിനെ മര്‍ദിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാംബാബുവിന്റെ ജനനേന്ദ്രിയം പിതാവ് മുറിച്ചു മാറ്റിയത്.ഗുരുതരമായി പരിക്കേറ്റ യാദവിനെ ആദ്യം ഡേയോറിയയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ ഗോരഖ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ പിതാവ് ആദ്യം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പ് ചുമത്തി രാംബാബു യാദവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അതിനിടെയാണ് കുട്ടിയുടെ പിതാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ മാതാവിന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് മാറ്റി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.







