തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയിൽ ചേരാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പദ്ധതിയിൽ ചേരാനുള്ള സർക്കാരിന്റെ തീരുമാനം മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് അദ്ദേഹം തുറന്നടിച്ചു. വെള്ളിയാഴ്ച ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ബിനോയ് വിശ്വം പാർട്ടി നിലപാട് വ്യക്തമാക്കിയത്. പദ്ധതിയിൽ ചേരാനുള്ള സർക്കാരിന്റെ തീരുമാനത്തെ കുറിച്ച് അറിയാൻ ഇടതുമുന്നണിയിലെ ഓരോ പാർട്ടിക്കും അവകാശമുണ്ട്. അതിന്റെ ഉള്ളടക്കം അറിയാൻ അവകാശമുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ച നടത്തുന്നതിനായി ഒക്ടോബർ 27ന് സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഒരുതരത്തിലുള്ള ചർച്ചയുംനടന്നിട്ടില്ല. ഘടക കക്ഷികളെ അറിയിക്കേണ്ട കാര്യങ്ങൾ അറിയിക്കാതെ അല്ല മുന്നോട്ടുപോകുന്നത് എന്നാണ് എൽഡിഎഫ് പറയുന്നത്. എൽഡിഎഫിന്റെ എല്ലാ മഹത്വങ്ങളും ആരെക്കാളും ബോധ്യമുള്ള പാർട്ടിയാണ് സി പി ഐ അതിനാൽ ഇത്രയേറെ ഗൗരവമുള്ള കാര്യത്തിൽ കേരളത്തിലെ ഇടതുസർക്കാർ പങ്കാളിയാകുമ്പോൾ അതിന്റെ ഉള്ളടക്കം ഘടക കക്ഷികളെ അറിയിക്കാതിരുന്നതിന്റെ കാരണം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മനസ്സിലാകുന്നില്ല. മന്ത്രിസഭയിലും ധാരണാ പത്രത്തെ കുറിച്ച് ചർച്ച നടന്നിട്ടില്ല- ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.







