ലക്‌നൗ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ട യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചിലാണ് സംഭവം. നാല്‍പത്തെട്ടുകാരനായ ഹരികിഷന്‍ ആണ് അറസ്റ്റിലായത്. ഭാര്യ ഫൂലം ദേവി(45)യെ ആണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഒക്ടോബര്‍ ആറിന് യുവതിയെ കാണാതായിരുന്നു. ഇതേ തുടര്‍ന്ന് ഫൂലം ദേവിയുടെ സഹോദരന്‍ ഒക്ടോബര്‍ ആറിന് പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ സഹോദരന്‍ നടത്തിയ തിരച്ചിലില്‍ പ്രതിയുടെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ പുതുതായി ഒരു കുഴി കുഴിച്ചത് കണ്ടെത്തി. സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി മുറിയില്‍ കുഴിയെടുത്ത് നോക്കിയപ്പോള്‍ ഫൂലം ദേവിയുടെ അഴുകിയ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ആറടി താഴ്ചയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. എന്നാല്‍ പ്രതി വീട്ടില്‍നിന്ന് ഒരാഴ്ച മുമ്പ് രക്ഷപ്പെട്ടെന്ന് അഡീഷനല്‍ പൊലീസ് സൂപ്രണ്ട് രാമാനന്ദ് പ്രസാദ് കുശ്വാഹ പറഞ്ഞു. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. ഹരികിഷന്‍ ഹരിയാനയില്‍ കൂലിപ്പണിക്കാരനായി തൊഴില്‍ ചെയ്തുവരികയായിരുന്നു. ഒരു അവധിക്ക് തിരിച്ചെത്തിയപ്പോഴാണ് സ്ഥലത്തെ ഗുഡ്ഡു എന്നയാളുമായി ഭാര്യ പ്രണയത്തിലാണെന്ന് അറിഞ്ഞതെന്നും ഇതിലുള്ള പകയാണ് കൊലപാതകത്തിനു കാരണമെന്നും പ്രതി കുറ്റസമ്മതം നടത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
