ഭോപ്പാല്‍: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കിടയില്‍ ട്രെന്‍ഡായ ‘കാര്‍ബൈഡ് ഗണ്‍’ എന്ന നാടന്‍ പടക്കം മധ്യപ്രദേശില്‍ വന്‍ ദുരന്തം വിതച്ചു. ഈ പടക്കം ഉപയോഗിച്ചതിനെ തുടര്‍ന്ന് 14 കുട്ടികള്‍ക്ക് പൂര്‍ണ്ണമായും കാഴ്ച നഷ്ടപ്പെട്ടു. 122-ല്‍ അധികം കുട്ടികള്‍ക്ക് കണ്ണിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് ദിവസത്തിനുള്ളിലാണ് ഇത്രയധികം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിദിഷ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് ഇതുപയോഗിച്ച് പരിക്കേറ്റിരിക്കുന്നത്.
സാധാരണ പടക്കങ്ങളായ ചക്രങ്ങള്‍, റോക്കറ്റുകള്‍ എന്നിവയെപ്പോലെ പുതിയ പടക്ക ട്രെന്‍ഡുകള്‍ ഉണ്ടാകാറുണ്ടെങ്കിലും, ഈ നാടന്‍ പടക്കം ഡോക്ടര്‍മാര്‍ക്കും മാതാപിതാക്കള്‍ക്കും ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ഒക്ടോബര്‍ 18-ന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടും പ്രാദേശിക വിപണികളില്‍ ഈ ക്രൂഡ് ‘കാര്‍ബൈഡ് ഗണ്‍’ വ്യാപകമായി വിറ്റ വിദിഷ ജില്ലയിലാണ് ഏറ്റവുമധികം കുട്ടികള്‍ക്ക് പരിക്കേറ്റത്. 150 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിലാണ് ഈ താത്കാലിക ഉപകരണങ്ങള്‍ വില്‍ക്കുന്നത്. കളിപ്പാട്ടങ്ങള്‍ പോലെ തോന്നുമെങ്കിലും ഇവ പൊട്ടിത്തെറിക്കുമ്പോള്‍ ബോംബുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ അപകടകരമായ ഉപകരണം നിര്‍മ്മിക്കാന്‍ കുട്ടികള്‍ പ്ലാസ്റ്റിക് അല്ലെങ്കില്‍ ടിന്‍ പൈപ്പുകള്‍ ഉപയോഗിക്കുന്നു. അതില്‍ വെടിമരുന്ന്, തീപ്പെട്ടിത്തലകള്‍, കാല്‍സ്യം കാര്‍ബൈഡ് എന്നിവ നിറച്ച്, ഒരു ദ്വാരത്തിലൂടെ തീ കൊളുത്തുന്നതാണ് രീതി. ഈ മിശ്രിതം കത്തുമ്പോള്‍ ഉണ്ടാകുന്ന അക്രമാസക്തമായ സ്‌ഫോടനം അവശിഷ്ടങ്ങളും കത്തുന്ന വാതകങ്ങളും പുറത്തേക്ക് തള്ളുകയും ഇത് കുട്ടികളുടെ കണ്ണുകളിലും മുഖത്തും നേരിട്ട് പതിക്കുകയും ചെയ്യുന്നതാണ് ഗുരുതരമായ പരിക്കുകള്‍ക്ക് കാരണമായത്. ദീപാവലിക്ക് ഗ്യാസ് ലൈറ്റര്‍, പ്ലാസ്റ്റിക് പൈപ്പ്, കാല്‍സ്യം കാര്‍ബൈഡ് എന്നിവ ഉപയോഗിച്ചുണ്ടാക്കിയ തോക്കിലെ കാര്‍ബൈഡ് വെള്ളത്തില്‍ കലരുമ്പോള്‍ അഅസറ്റലീന്‍ വാതകം ഉണ്ടാവുകയും അതില്‍ തീപ്പൊരി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ ഭയനക ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.








