തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവതിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കോഴിക്കോട് വടകര സ്വദേശിയായ ആസ്മിന (40) ആണ് മരിച്ചത്. ആറ്റിങ്ങൽ മൂന്ന് മുക്കിലുള്ള ഗ്രീൻ ലൈൻ ലോഡ്ജിൽ ആണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞദിവസം വൈകുന്നേരമാണ് അസ്മിന ലോഡ്ജിൽ എത്തിയത്. ഒരാഴ്ച മുമ്പ് ലോഡ്ജിൽ എത്തി ജീവനക്കാരനായി മാറിയ കായംകുളം സ്വദേശി ജോബി ജോർജ് ആണ് അസ്മിന തന്റെ ഭാര്യ ആണെന്ന് പരിചയപ്പെടുത്തി ലോഡ്ജിൽ മുറിയെടുത്തത്. രാത്രിയിൽ ജോബിയെ കാണാനായി മറ്റാരോ ലോഡ്ജിൽ വന്നിരുന്നു. ബുധനാഴ്ച രാവിലെ രാവിലെ ലോഡ്‌ജ് ജീവനക്കാർ ഇരുവരെയും കാണാത്തതിനെ തുടർന്ന് മുറി തുറന്നു നോക്കിയപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ യുവതിയെ കണ്ടത്. ജോബി പുലർച്ചെ നാലുമണിയോടെ ലോഡ്ജിൽ നിന്നും പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ലഭിച്ചിട്ടുണ്ട്. യുവതിയുടെ ശരീരത്തിലാകമാനം കുപ്പി കൊണ്ട് കുത്തിയ പാടുകൾ ഉണ്ടായിരുന്നു. മുറിയിൽ നിന്ന് പൊട്ടിയ ഒരു മദ്യക്കുപ്പിയും കണ്ടെടുത്തു. കൊലപാതക കാരണം വ്യക്തമല്ല. രണ്ടുപേരും പരിചയത്തിൽ ആയിട്ട് കുറച്ചുനാളുകളായി. ഫൊറൻസിക്ക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയ പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. യുവതി വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ആറ്റിങ്ങൽ പൊലീസ് ഊർജ്ജിതമാക്കി.
