കാസര്‍കോട്: ചിതയൊരുക്കി സംസ്‌ക്കരിക്കാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ജീവന്റെ തുടിപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വയോധികന്‍ ഒടുവില്‍ മരണത്തിനു കീഴടങ്ങി. കുമ്പള, കഞ്ചിക്കട്ട, രാമനഗറിലെ രമാനാഥ ഗട്ടി (70)യാണ് ചൊവ്വാഴ്ച രാത്രി ജനറല്‍ ആശുപത്രിയില്‍ മരണപ്പെട്ടത്. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് കുണ്ടങ്കേരടുക്ക പൊതു ശ്മശാനത്തില്‍ നടക്കും. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങള്‍ക്ക് സ്ഥിരമായി മരുന്നു കഴിച്ചിരുന്ന രമാനാഥ ഗട്ടി ഒരാഴ്ച മുമ്പാണ് കുഴഞ്ഞു വീണത്. മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗട്ടിയെ പൂര്‍വ്വ സ്ഥിതിയിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ വീട്ടിലേയ്ക്ക് തിരിച്ചയച്ചിരുന്നു. ഓക്‌സിജന്‍ മാസ്‌ക് ഊരി മാറ്റിയാല്‍ പ്രാണന്‍ വെടിയുമെന്ന് ഉപദേശം നല്‍കിയാണ് ഡോക്ടര്‍മാര്‍ രോഗിയെ വീട്ടിലേയ്ക്ക് തിരിച്ചയച്ചത്. ഞായറാഴ്ച വീട്ടിലെത്തിച്ച ശേഷം മാസ്‌ക്ക് എടുത്തു മാറ്റുകയും സംസ്‌ക്കരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ജീവന്‍ വെടിഞ്ഞില്ലെന്നു മനസ്സിലായതോടെ ഗട്ടിയെ ഞായറാഴ്ച ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ ജീവനുണ്ടെന്നു ഉറപ്പാക്കി. തുടര്‍ന്ന് ഐ സിയുവില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഭാര്യ: രൂപാവതി. മക്കള്‍: അനില്‍, ഡെനില്‍. സഹോദരങ്ങള്‍: ജയരാമ ഗട്ടി, സുരേഷ് ഗട്ടി, രതി, സാവിത്രി, ഉഷ.
