കാസർകോട്: കാസർകോട്ട് എല്ലാ മേഖലകളിലും സജീവ സാന്നിധ്യമായിരുന്ന പ്രൊഫസർ വി ഗോപിനാഥൻ അന്തരിച്ചു. പഠന യാത്രാ സംഘത്തോടൊപ്പം മലപ്പുറം നിലമ്പൂരായിരുന്ന അദ്ദേഹത്തിന് ഇന്നലെ രാത്ര 12 മണിയോടെ ശ്വാസം തടസ്സം ദുസ്സഹമാവുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടൻ അദ്ദേഹത്തെ വണ്ടൂർ നിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സംഘാംഗങ്ങളുടെ നേതൃത്വത്തിൽ കാസർകോട്ടേക്കു കൊണ്ടു വന്നു കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെയാണ് പ്രകൃതി പഠനവുമായി ബന്ധപ്പെട്ടു സംഘാംഗങ്ങൾ മലപ്പുറത്തേക്കു യാത്ര തിരിച്ചത്. ഇന്നു രാവിലെ പഠന സന്ദർശനത്തിനുള്ള രൂപരേഖ തയ്യാറാക്കിയ ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ഭാര്യ പ്രൊഫസറും കാസർകോട് ഗവ. കോളേജ് മുൻ പ്രിൻസിപ്പലുമായ ശ്രീമതിയും ഒപ്പമുണ്ടായിരുന്നു. കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പൽ, ഉത്തരമേഖലാ കൊളേജിയേറ്റ് ഡയറക്ടർ തുടങ്ങിയ ഔദ്യോഗികനിലകളിൽ പ്രൊഫ.വി. ഗോപിനാഥൻ പ്രവർത്തിച്ചിരുന്നു. സാധാരണ അക്കാഡമിക് പണ്ഡിതന്മാരുടെ ജാടകൾ തൊട്ടു തീണ്ടിയിട്ടില്ലാത്ത അദ്ദേഹം എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും എല്ലാ മേഖലകളിലും അവരിലൊരാളായ സൗമ്യ സാന്നിധ്യമായിരുന്നു. കാസർകോട് മേഖലയുടെ പുരോഗമന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി സംഘടനകൾ, വിദ്യാഭ്യാസ- സാമൂഹ്യ-സാംസ്കാരിക സംഘടനകൾ, കാലാ – സാഹിത്യ കൂട്ടായ്മകൾ, പൊതുപ്രവർത്തനങ്ങൾ എന്നിവയിലെല്ലാം നിറസാന്നിധ്യമായിരുന്നു അദ്ദേഹം. കാസർകോട് ട്രാവൽ ക്ലബിൻ്റെ മലപ്പുറം ജില്ലാ പഠനയാത്രക്കായാണ് ചൊവ്വാഴ്ച രാവിലെ കാസർകോട്ടു നിന്നു പ്രകൃതി സ്നേഹികൾക്കൊപ്പം യാത്ര പുറപ്പെട്ടത്. മകൾ ശ്രുതി മനോജ് അമേരിക്കയിൽ എഞ്ചിനിയറാണ്. മറ്റൊരു മകൾ ശ്വേത കണ്ണൂരിൽ ഡോക്ടറാണ്. കാസർകോടിൻ്റെ സൗമ്യമുഖത്തിൻ്റെ വേർപാട് സഹപ്രവർത്തകരെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
