കാസര്‍കോട്: വീട്ടിലെ പ്ലാസ്റ്റിക് ബാഗ് കണക്കിനു കാട്ടം ഇന്നോവ കാറില്‍ കൊണ്ടുവന്നു ദേശീയപാതക്കരികിലെ കാട്ടിലേക്കു വലിച്ചെറിഞ്ഞ ആളെ വാട്‌സ്ആപ്പ് വീഡിയോയെത്തുടര്‍ന്നു പിടിച്ചു.
മുട്ടം സ്വദേശി മോണുവിനെയാണ് പിടികൂടിയതെന്നു നാട്ടുകാരും പഞ്ചായത്ത് അധികൃതരും പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി 25000 രൂപ ഫൈനു നോട്ടീസ് കൊടുത്ത ശേഷം മോണുവിനെ പറഞ്ഞുവിട്ടു. ഇക്കാര്യം സ്ഥിരീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയെ തുടര്‍ച്ചയായി നിരവധി തവണ വിളിച്ചവര്‍ നിരാശരായി ദൗത്യം മതിയാക്കുകയായിരുന്നുവെന്നു പറയുന്നു. മാത്രമല്ല, മംഗല്‍പ്പാടി പഞ്ചായത്തിലെ പതിവ് രീതി ഇതാണെന്നു നാട്ടുകാര്‍ പരിഹസിച്ചു. തള്ളിയ മാലിന്യം ആരു തിരിച്ചെടുത്തു സംസ്‌ക്കരിക്കുമെന്നു വ്യക്തമല്ലെന്നും പറയുന്നു. മാത്രമല്ല, ഇത്തരം സാമൂഹ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കു പിഴ കുറച്ചു കൊടുക്കുകയും അതിനെക്കാള്‍ കൂടിയ തുക വാങ്ങി കീശയിലിടുന്നതും പതിവാണെന്നും പറയുന്നുണ്ട്. പല പഞ്ചായത്തുകളിലും ശുചിത്വം മഹത്വം വന്നതിനു ശേഷം ഇത്തരം സ്ഥിതിയും സര്‍വ്വസാധാരണമായിട്ടുണ്ടെന്നു വ്യപക പരാതികളുമുണ്ട്.
മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും സമ്പൂര്‍ണ്ണ ശുചിത്വത്തിലും കുറ്റകരമായ വീഴ്ച വരുത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
