കണ്ണൂര്‍: കടവരാന്തയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സ്ത്രീയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു; പ്രതി അറസ്റ്റില്‍. മലപ്പുറം സ്വദേശി ശശി (51)യെ ആണ് ബുധനാഴ്ച ഉച്ചയ്ക്ക് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റു ചെയ്തത്.
തോട്ടട, സമാജ്വാദി നഗറിലെ ഷെല്‍വി (50)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് പാറക്കണ്ടി, ബിവറേജസ് ഔട്ട്‌ലെറ്റിനു സമീപത്തെ കടവരാന്തയില്‍ ഷെല്‍വിയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. തലയ്ക്കേറ്റ മുറിവാണ് മരണ കാരണമായതെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളും ഒരാള്‍ നല്‍കിയ മൊഴിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശശി അറസ്റ്റിലായത്.
കണ്ണൂര്‍ ടൗണില്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്ന സ്ത്രീയാണ് ഷെല്‍വി. രാത്രി കാലങ്ങളില്‍ കടവരാന്തകളിലാണ് ഉറങ്ങാറ്. ആക്രി പെറുക്കി ജീവിക്കുന്ന ശശി കുറച്ചു കാലമായി ഷെല്‍വിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച രാത്രി ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാവുകയും പിടിവലി നടത്തുകയും ചെയ്തു. ഇതിനിടയില്‍ ഏതോ സാധനമെടുത്ത് ഷെല്‍വിയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ശശി സ്ഥലം വിടുകയായിരുന്നു. ശശിയുടെ വസ്ത്രത്തില്‍ ചോര പുരണ്ടതു കണ്ടിരുന്നുവെന്നു ഒരാള്‍ പൊലീസിനു മൊഴി നല്‍കി. ഇതേ തുടര്‍ന്ന് ശശിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും അറസ്റ്റു ചെയ്തതും.
