പാട്‌ന: വാശിയേറിയ നിയമസഭാ തിരഞ്ഞെടുപ്പിനു നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചുടനെ ബീഹാറിലെ ഒരു ആര്‍ ജെ ഡി സ്ഥാനാര്‍ത്ഥി അറസ്റ്റിലായി.
ബിഹാറിലെ സസാറാം മണ്ഡലത്തില്‍ ആര്‍ ജെ ഡി സ്ഥാനാര്‍ത്ഥിയായ സതേന്ദ്ര സാഹിനെയാണ് അറസ്റ്റു ചെയ്തത്. പത്രിക നല്‍കുന്നതിനു പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയ അദ്ദേഹത്തിനൊപ്പം ജാര്‍ഖണ്ഡ് പൊലീസ് ഉദ്യോഗസ്ഥന്മാരും വരണാധികാരിക്കു സമീപം നിലയുറപ്പിച്ചു. നാമനിര്‍ദ്ദേശ പത്രിക നല്‍കിയുടന്‍ സ്ഥാനാര്‍ത്ഥിയെ പൊലീസ് അറസ്റ്റു ചെയ്തുവെന്ന് റോഹ്താസ് ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. 2004ല്‍ ഗര്‍വ ജില്ലയിലെ ചിരോഞ്ജിയ മോറില്‍ ഉണ്ടായ ബാങ്ക് കവര്‍ച്ച കേസില്‍ പിടികിട്ടാപ്പുള്ളിയാണ് സതേന്ദ്ര സാഹി. 2018ല്‍ ഈ കേസില്‍ സതേന്ദ്ര സാഹിനെതിരെ സ്ഥിരം വാറണ്ട് പുറപ്പെടുവിച്ചു. കവര്‍ച്ചകള്‍, ആയുധ നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ടു 20ലധികം കേസുകള്‍ സാഹിക്കെതിരെ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.
കടുത്ത വാശിയില്‍ നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണത്തിനു ശേഷം അറസ്റ്റിലാവുന്ന മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയാണ് സാഹി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ലിബറേഷന്‍ പാര്‍ട്ടിയുടെ ഭോരെ, ഭരൗളി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളായ ജിതേന്ദ്ര പാസ്വാന്‍, സത്യദേവ് റാം എന്നിവര്‍ പത്രികാ സമര്‍പ്പണത്തിനു ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായിരുന്നു. ഈ അറസ്റ്റുകളെ കമ്യൂണിസ്റ്റ് പാര്‍ട്ടി വിമര്‍ശിച്ചു. പരാജയ ഭീഷണിയാണ് എന്‍ ഡി ഐ സഖ്യത്തെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിക്കുന്നതെന്ന് ഇന്ത്യാ സഖ്യവും ആരോപിച്ചിട്ടുണ്ട്.
