കാസര്‍കോട്: യാത്രയ്ക്കിടയില്‍ നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളും പണവും തിരികെ കിട്ടാതെ വരുമോയെന്ന ആശങ്കയിലായിരുന്നു മാന്യയിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മനാഫ്. രേഖകള്‍ കിട്ടിയില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന ഭവിഷത്തിനെ കുറിച്ച് ആലോചിച്ച് കഴിയുന്നതിനിടയിലാണ് മേല്‍പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എ.സന്തോഷ് കുമാറിന്റ ഫോണ്‍ കോള്‍ മനാഫിനു ലഭിച്ചത്. താങ്കളുടേതെന്നു സംശയിക്കുന്ന ഒരു പഴ്‌സ് കളഞ്ഞ് കിട്ടിയിട്ടുണ്ടെന്നായിരുന്നു അറിയിപ്പ്. മറ്റൊന്നും ചിന്തിച്ചു നില്‍ക്കാതെ മേല്‍പറമ്പ് പൊലീസ് സ്റ്റേഷനിലെത്തിയ മനാഫ് തെളിവുകള്‍ ഹാജരാക്കി 10,000 രൂപയും പാന്‍ കാര്‍ഡ്, ആര്‍സി അടക്കമുളള രേഖകള്‍ അടങ്ങിയ പഴ്‌സ് ഏറ്റുവാങ്ങി. തിങ്കളാഴ്ച ചട്ടഞ്ചാല്‍ വഴി അബ്ദുല്‍ മനാഫിന്റെ ഓട്ടോ വാടക പോയിരുന്നു. ഈ സമയത്താണ് പഴ്‌സ് റോഡിലേയ്ക്ക് തെറിച്ചു വീണത്. പിന്നാലെ എത്തിയ ആദൂര്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ ബന്തടുക്കയിലെ മധുവിനാണ് പേഴ്‌സ് ലഭിച്ചത്. കുടുംബ സമേതം മധൂരില്‍ പോയി മടങ്ങുകയായിരുന്നു അദ്ദേഹം. പഴ്‌സ് മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചാണ് അദ്ദേഹവും കുടുംബവും മടങ്ങിയത്. തുടര്‍ന്ന് പഴ്‌സില്‍ നിന്നു ലഭിച്ച ആര്‍.സി യില്‍ നിന്നാണ് അബ്ദുല്‍ മനാഫിന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തിയത്. പഴ്‌സ് ഏല്‍പ്പിച്ച സിപിഒ മധുവിനും മേല്‍പറമ്പ് പൊലീസിനും നന്ദി പറഞ്ഞാണ് മനാഫ് സ്റ്റേഷനില്‍ നിന്നും ഇറങ്ങിയത്.
