ഓക്‌സിജന്‍ മാസ്‌ക്ക് ഊരിയാല്‍ ജീവന്‍ പോകുമെന്ന് മംഗ്‌ളൂരു ഡോക്ടര്‍; നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ചിതയൊരുക്കി, മാസ്‌ക്ക് മാറ്റി ഏറെ നേരം കഴിഞ്ഞപ്പോള്‍ കാലുകള്‍ക്ക് അനക്കം, കുമ്പള കഞ്ചിക്കട്ട സ്വദേശിയായ വയോധികന്‍ ജന. ആശുപത്രിയില്‍ ചികിത്സയില്‍

കാസര്‍കോട്: ചികിത്സിച്ച ഡോക്ടര്‍മാര്‍ മരിക്കുമെന്ന് വിധിയെഴുതി രോഗിയെ വീട്ടിലേയ്ക്ക് അയച്ചു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് സംസ്‌ക്കാരം നടത്താനുള്ള ചിതയൊരുക്കി. പ്രാണവായു നല്‍കികൊണ്ടിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ ഊരിമാറ്റി ഏറെ നേരം കഴിഞ്ഞപ്പോള്‍ മംഗളൂരുവിലെ ഡോക്ടര്‍മാര്‍ മരണം ഉറപ്പാക്കി വീട്ടിലേക്കയച്ച രോഗിയുടെ കാലുകള്‍ അനങ്ങി. വിധിയെ തോല്‍പ്പിച്ച വയോധികന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പരിചരണത്തില്‍ കഴിയുന്നു. കുമ്പള കഞ്ചിക്കട്ട രാംനഗറിലെ രമാനാഥ ഗട്ടി (70)യാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവത്തെ കുറിച്ച് രമാനാഥ ഗട്ടിയുടെ ഭാര്യ രൂപാവതി വിശദീകരിക്കുന്നത് ഇങ്ങനെ: ”ഭര്‍ത്താവും ഞാനും മാത്രമാണ് വീട്ടില്‍ താമസം. ഭര്‍ത്താവ് ഷുഗര്‍, പ്രഷര്‍ തുടങ്ങിയ അസുഖത്തിനു മരുന്നു കഴിക്കുന്നുണ്ട്. ചെറിയ പ്രയാസങ്ങള്‍ ഉണ്ടായാല്‍ പോലും വലിയ അസ്വസ്ഥത ഉണ്ടാകുന്ന ആളാണ് ഭര്‍ത്താവ്. ഒരാഴ്ച മുമ്പ് ഒരു രാപകല്‍ മുഴുവന്‍ കുമ്പള കെ എസ് ഇ ബി സെക്ഷനു കീഴില്‍ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. അന്നു ശാരീരികവും മാനസികവുമായി തളര്‍ന്നു. തുടര്‍ന്ന് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ഓക്‌സിജന്‍ നല്‍കി. പ്രാഥമിക ചികിത്സയ്ക്കു ശേഷം മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. ആദ്യം വെന്‍ലോക് ആശുപത്രിയിലാണ് എത്തിച്ചത്. ചികിത്സിക്കാനുള്ള അസൗകര്യം ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ദേര്‍ളക്കട്ടയിലെ കെ എസ് ഹെഗ്‌ഡെ ആശുപത്രിയിലെത്തിച്ചു. കിടക്ക ഒഴിവില്ലെന്നു പറഞ്ഞ് അവിടെ നിന്നു മടക്കി. പിന്നീട് യേനപ്പോയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഒരാഴ്ചയോളം അവിടെ ചികിത്സ നടത്തിയെങ്കിലും ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടായില്ല. ചികിത്സിച്ചതു കൊണ്ടു കാര്യമില്ലെന്നും ഓക്‌സിജന്‍ മാസ്‌ക്ക് നീക്കം ചെയ്താല്‍ പ്രാണന്‍ വെടിയുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ചികിത്സ ചെയ്തതിനു വന്‍ ഫീസ് ഈടാക്കിയ ശേഷം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ ഭര്‍ത്താവിനെ കഞ്ചിക്കട്ടയിലെ വീട്ടില്‍ എത്തിച്ചു. ഇതിനിടയില്‍ വിവരം അറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും വീട്ടില്‍ എത്തി. സംസ്‌ക്കാര ചടങ്ങുകള്‍ക്കായി കുണ്ടങ്കേരടുക്ക, പൊതുശ്മശാനത്തില്‍ തയ്യാറെടുപ്പും ഒരുക്കി. തുടര്‍ന്ന് ഓക്‌സിജന്‍ മാസ്‌ക്ക് നീക്കം ചെയ്തു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും ശരീരത്തിലെ ചൂട് മാറിയില്ല. സംശയം തോന്നി ഒരാള്‍ ഭര്‍ത്താവിന്റെ കാല്‍പാദത്തില്‍ വരഞ്ഞപ്പോള്‍ കാലുകള്‍ക്ക് അനക്കം ഉണ്ടായി. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോ. കൃഷ്ണനായികിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഭര്‍ത്താവിനു ജീവനുണ്ടെന്നു ഉറപ്പിച്ചു. ഐ സി യുവില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് ഇപ്പോള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ചൊവ്വാഴ്ച രാവിലെ ചുമച്ചതായും അത് നല്ല ലക്ഷണമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും” അവര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഓക്‌സിജന്‍ മാസ്‌ക്ക് ഊരിയാല്‍ ജീവന്‍ പോകുമെന്ന് മംഗ്‌ളൂരു ഡോക്ടര്‍; നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ചിതയൊരുക്കി, മാസ്‌ക്ക് മാറ്റി ഏറെ നേരം കഴിഞ്ഞപ്പോള്‍ കാലുകള്‍ക്ക് അനക്കം, കുമ്പള കഞ്ചിക്കട്ട സ്വദേശിയായ വയോധികന്‍ ജന. ആശുപത്രിയില്‍ ചികിത്സയില്‍
വീട്ടില്‍ മറ്റാരും ഇല്ലാത്ത തക്കത്തില്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു; നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറിയ വെള്ളച്ചാലിലെ ഖാലിദ് മുസ്ലിയാറെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു

You cannot copy content of this page