കാസര്‍കോട്: സ്‌കൂളിലെ കുട്ടികള്‍ക്ക് കളിച്ചുവളരാന്‍ കളിക്കളം വേണം, കരിന്തളം കുണ്ടൂര്‍ ദേശത്ത് നാടിന്റെ കൂട്ടായ്മയില്‍ 15 ലക്ഷം രൂപ ചെലവില്‍ കളിക്കളം നിര്‍മ്മിക്കുന്നു. കളിക്കളത്തിന്റെ ധനശേഖരനാര്‍ത്ഥം കാലിച്ചാമരത്ത് മീന്‍ വില്‍പന നടത്തി. രാവിലെ 8 മണി മുതല്‍ ആരംഭിച്ച മീന്‍ വില്‍പനയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. കളിക്കളത്തിന് ഫണ്ട് കണ്ടെത്താന്‍ വിവിധങ്ങളായ മാര്‍ഗങ്ങളാണ് സംഘാടകസമിതി നടത്തിയത്. വനിതകളുടെ നേതൃത്വത്തില്‍ ചക്ക ചിപ്‌സ് നിര്‍മ്മാണം, യുവാക്കളുടെ നേതൃത്വത്തില്‍ പാഴ് വസ്തുക്കളുടെ ശേഖരണം, ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച്, മുക്കട പാലത്തിനു സമീപം ഫുഡ് പോയിന്റ് എന്നിവ ഇതിനോടകം സംഘടിപ്പിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് മീന്‍ വില്‍പനയും നടന്നത്. കാലിച്ചാമരം ടൗണില്‍ രാത്രിവരെയും മീന്‍ വില്‍പ്പന തകൃതിയില്‍ നടന്നു. വാഹനങ്ങളില്‍ കൊണ്ട് പോയും മല്‍സ്യ വില്‍പ്പനനടത്തിയിരുന്നു. പരിപാടി വരയില്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. വി.അമ്പഞ്ഞി അധ്യക്ഷനായി. എം ചന്ദ്രന്‍, വിജി അനീഷ്, എന്‍ വിനോദ്, യു രതീഷ്, എന്‍ രാജന്‍, പി.പി അനീഷ്, രജിത് എന്‍കെ, അനുരാജ് കെ സംസാരിച്ചു.
