കാസര്‍കോട്: വിദ്യാനഗറില്‍ ചൊവ്വാഴ്ച രാവിലെ രണ്ടു കുഞ്ഞുങ്ങള്‍ തിരക്കേറിയ റോഡിലൂടെ സ്‌കൂട്ടറില്‍ മിന്നിപ്പറക്കുന്നതു കണ്ടു നിന്നവരെ അത്ഭുതപ്പെടുത്തി. രണ്ടു കുട്ടികള്‍ സ്‌കൂട്ടറില്‍ മിന്നുന്നതു പലരും ശ്വാസമടക്കിപ്പിടിച്ചു കണ്ടു നിന്നു. വിദ്യാനഗറിലെ ദേശീയപാത സര്‍വീസ് റോഡില്‍ നിന്നു സീതാംഗോളി റോഡിലേക്കായിരുന്നു യാത്ര. റോഡ് സൈഡിലൂടെ അതീവ ജാഗ്രതയോടെയായിരുന്നു ഓട്ടമെങ്കിലും തിരക്കേറിയ റോഡില്‍ ചെറുപ്രായത്തില്‍ മറ്റൊരു കുട്ടിയുമായി മിന്നിപ്പോവുന്നതു വേണമായിരുന്നോ എന്നു കാണികള്‍ സ്വയം ആരാഞ്ഞു.
കോടിക്കണക്കിനു രൂപ ചെലവഴിച്ചു ദേശീയ പാതയും സര്‍വ്വീസും റോഡും നിര്‍മ്മിച്ചതു യാത്ര കൂടുതല്‍ സുരക്ഷിതവും സുഗമവുമാക്കാന്‍ വേണ്ടിയായിരിക്കുമെന്നു ജനങ്ങള്‍ കരുതുന്നുണ്ട്. വാഹനഗതാഗതത്തിനു കര്‍ശനമായ നിയമങ്ങള്‍ നേരത്തെ നിയമകിത്താബുകളില്‍ എഴുതിവച്ചിട്ടുമുണ്ട്. അതൊക്കെ അതിനുള്ളില്‍ വീര്‍പ്പുമുട്ടി ശക്തിക്ഷയം അനുഭവിക്കുകയാണെന്നു പൊതുവെ കരുതപ്പെടുന്നുണ്ട്. ഇതൊക്കെ ട്രാഫിക് നിയമവും നിയമപാലകരും എന്തിനാണെന്ന സംശയവും ഉണ്ടാക്കുന്നു. ട്രാഫിക് നിയമം ഉറപ്പാക്കേണ്ട സംവിധാനം അവരുടെ കടമ പിഴ പിരിക്കലാക്കി മാറ്റിയിരിക്കുകയാണെന്നും സംസാരമുണ്ട്.
