കുമ്പള: ആരിക്കാടി ടോള്‍ ബൂത്ത് നിര്‍മ്മാണത്തിന്റെ പേരില്‍ റോഡ് ബ്ലോക്ക് ചെയ്യുകയും ടോള്‍ ബൂത്തിന് ഇരു ഭാഗത്തും ഹമ്പുകള്‍ സ്ഥാപിക്കുകയും ആംബുലന്‍സുകള്‍ പോലും റോഡില്‍ കുടുങ്ങുകയും ചെയ്തതിനെത്തുടര്‍ന്നു ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് തടഞ്ഞുള്ള നിര്‍മ്മാണം തടഞ്ഞു.
ഗതാഗതം തടയാന്‍ വച്ചിരുന്ന തടകള്‍ നാട്ടുകാര്‍ വലിച്ചെറിഞ്ഞു. കരാര്‍ കമ്പനി ജീവനക്കാരും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇരു കൂട്ടരെയും പിന്തിരിപ്പിച്ചു. റോഡ് ബ്ലോക്കുകള്‍ ഉടന്‍ നീക്കം ചെയ്യുകയും അടച്ചിട്ട രണ്ടു പാതകള്‍ വൈകിട്ടോടെ തുറക്കുമെന്നും സമരക്കാര്‍ക്ക് ഉറപ്പു കൊടുത്തു. നിര്‍മ്മിച്ച ഹമ്പുകള്‍ നീക്കം ചെയ്യും. ടോള്‍ പിരിവു തുടങ്ങുമ്പോള്‍ വേണമെങ്കില്‍ അപ്പോള്‍ ഹമ്പ് നിര്‍മ്മിച്ചോട്ടെന്ന സമരസമിതിയുടെ നിര്‍ദ്ദേശമനുസരിച്ചു ഹമ്പുകളും നീക്കം ചെയ്യുമെന്നു പൊലീസ് ഉറപ്പു നല്‍കി.
മൂന്നു പാതകളില്‍ രണ്ടെണ്ണം അടച്ചതിനാല്‍ ഹൈവേയില്‍ വാഹനത്തിരക്കു രൂക്ഷമായതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചതെന്നു പറയുന്നു. സമരസമിതി നേതാക്കളായ എ കെ ഹാരിഫ്, അഷ്‌റഫ് കാര്‍ള, സി എ സുബൈര്‍ എന്നിവര്‍ പ്രതിഷേധത്തിനു നേതൃത്വം നല്‍കി.
